

സൂപ്പർ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ കളി തുടങ്ങുമുമ്പേ ഗോവ നായകൻ ഐകർ ഗുവാരോച്ചനയ്ക്കു ചുവപ്പുകാർഡ്. കിക്കോഫിനായി മൈതാനത്തേക്കു പോകാനായി രണ്ടു ടീമും ടണലിൽ അണിനിരന്നപ്പോഴാണ് പ്രശ്നത്തിന്റെ തുടക്കം. ഗുവാരോച്ചനയുടെ ഷോർട്സിന്റെ ഉൾക്കുപ്പായത്തിന്റെ നിറം ടീമുകളുടെ ജഴ്സി നിറം സംബന്ധിച്ച മത്സര നിബന്ധനകൾ ലംഘിക്കുന്നതാണെന്നു റഫറി പ്രതീക് മണ്ഡൽ കണ്ടെത്തി.
ഉൾക്കുപ്പായം മാറ്റാനുള്ള നിർദ്ദേശം അവഗണിച്ച താരം, റഫറിയെ അധിക്ഷേപിച്ചു എന്നതിന്റെ പേരിൽ ചുവപ്പുകാർഡ് പുറത്തെടുത്തു. ക്യാപ്റ്റൻ പുറത്തായതോടെ ഹവിയർ സെവിയേരോയെ ആദ്യ 11ൽ ഉൾപ്പെടുത്തി ഗോവ കിക്കോഫിനായി ഇറങ്ങി. ബോർഹ ഹെരേരയാണ് ക്യാപ്റ്റൻ റോളിൽ കളിച്ചത്.
കിക്കോഫിനു മുൻപ് ചുവപ്പുകാർഡ് കാണുന്ന കളിക്കാരനു പകരം മറ്റൊരാളെ ഇറക്കാമെന്ന ചട്ടം ഗോവയ്ക്കു തുണയായി. മുംബൈ സിറ്റി എഫ്സിയെ 2–1നു തോൽപിച്ച് എഫ്സി ഗോവ ഫൈനലിലെത്തുകയും ചെയ്തു. പക്ഷേ, ഗോവ ക്യാപ്റ്റനു ഫൈനൽ മത്സരം നഷ്ടമാകും.