ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ആർസിബിയെ സമൂഹമാധ്യമങ്ങളിൽ ഐപിഎലിന്റെ ഔദ്യോഗിക അക്കൗണ്ട് ‘അൺഫോളോ’ ചെയ്തതായും, അടുത്ത സീസണിൽ ആർസിബിക്ക് വിലക്ക് ഏർപ്പെടുത്തിയേക്കും എന്ന സൂചനയാണ് ഇതെന്നുമാണ് പ്രധാന പ്രചാരണം.
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിരീടം നേടിയതിന് തൊട്ടുപിന്നാലെ, ആർസിബിക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, ആർസിബിയുടെ ഔദ്യോഗിക പേജ് ഐപിഎൽ ‘അൺഫോളോ’ ചെയ്തുവെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ആർസിബിക്ക് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹത്തിനും സ്ഥിരീകരണമില്ല.
11 പേരുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തിൽ കർണാടക ക്രിക്കറ്റിലെ കൂടുതൽ പേർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചിരുന്നു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിലെ (കെഎസ്‌സിഎ) ഉന്നത ഉദ്യോഗസ്ഥരാണ് രാജിവച്ചത്. ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി.
ദുരന്തത്തെ തുടർന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ബി.ദയാനന്ദ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാർ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് ആർസിബിയിലെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎയിലെയും നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.