
മാഞ്ചസ്റ്റർ: ഇന്ത്യ– ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർ രവീന്ദ്ര ജഡേജ പുറത്തായതിനെച്ചൊല്ലി വിവാദം. ജോഫ്ര ആർച്ചർ എറിഞ്ഞ 85–ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജഡേജ പുറത്തായത്. 40 പന്തുകൾ നേരിട്ട ജഡേജ 20 റൺസ് എടുത്താണ് പുറത്തായത്. ജോഫ്ര ആർച്ചറുടെ പന്ത് എഡ്ജായി സെക്കൻഡ് സ്ലിപ്പിൽ നിൽക്കുകയായിരുന്ന ഹാരി ബ്രൂക്കിന്റെ കൈകളിലെത്തി. അംപയർ ഉടനടി ഔട്ട് നൽകിയതാണ് വിവാദത്തിന് കാരണം.
ക്യാച്ചെടുക്കുമ്പോൾ പന്ത് ഗ്രൗണ്ടിൽ തട്ടിയിരുന്നെന്ന് ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ആരാധകരുടെ വാദം. ദൃശ്യങ്ങളിൽ ബ്രൂക്ക് പിടിച്ചെടുക്കുമ്പോള്‍ പന്ത് ഗ്രൗണ്ടിൽ ചെറിയ രീതിയിൽ സ്പർശിച്ചതായാണ് സംശയം. എന്നാൽ കൂടുതൽ പരിശോധനകൾ നടത്താതെ അംപയർ ഔട്ട് എന്ന തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസെടുത്താണു പുറത്തായത്. 151 പന്തിൽ 61 റൺസെടുത്ത സായ് സുദർശനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (107 പന്തിൽ 58), ഋഷഭ് പന്ത് (75 പന്തിൽ 54) എന്നിവരും അർധ സെഞ്ചറി നേടി. 24 ഓവറിൽ 72 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് ഇന്ത്യൻ ബാറ്റിങ് നിരയെ രണ്ടാം ദിവസം തകർത്തെറിഞ്ഞത്. കെ.എൽ. രാഹുൽ (98 പന്തിൽ 46), ഷാർദൂൽ ഠാക്കൂർ (88 പന്തിൽ 41), വാഷിങ്ടൻ സുന്ദർ (90 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.