രഞ്ജി ട്രോഫി: യശ്വസി ജയ്‌സ്വാളിന് സെഞ്ചുറി; 67 പന്തിൽ 93 റൺസുമായി വൈഭവിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ഫിഫ്റ്റി | Ranji Trophy

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോർഡ് 7 റൺസിന് വൈഭവിനു നഷ്ടമായി.
Ranji Trophy
Published on

യശ്വസി ജയ്‌സ്വാളിന്റെ സെഞ്ചറിക്കരുത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരെ സമനില പിടിച്ച് മുംബൈ. രണ്ടാം ഇന്നിങ്സിൽ മുംബൈ 3ന് 269 റൺസെടുത്തു നിൽക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ജയ്സ്വാൾ, 174 പന്തിൽ 156 റൺസാണ് നേടിയത്. ഒരു സിക്സും 18 ഫോറുമാണ് ജയ്‌സ്വാളിന്റെ ബാറ്റിൽനിന്നു പിറന്നത്. 120 പന്തിലാണ് ജയ്സ്വാള്‍ സെഞ്ചറിയിലെത്തിയത്. ജയ്സ്വാളിന്‍റെ പതിനേഴാം ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണിത്.

സഹഓപ്പണർ മുഷീർ ഖാൻ (115 പന്തിൽ 63*) അർധസെഞ്ചറി നേടി. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചറി നേടിയ ദീപക് ഹൂഡയുടെ (335 പന്തിൽ 248) കരുത്തിൽ രാജസ്ഥാൻ 363 റൺസിന്റെ കൂറ്റൻ ലീഡ് നേടിയിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 254 റൺസിനു മറുപടിയുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ, 6ന് 617 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഹൂഡയ്ക്കു പുറമേ രാജസ്ഥാനു വേണ്ടി കാർത്തി ശർമ (139) സെഞ്ചറിയും സച്ചിൻ യാദവ് (92) അർധസെഞ്ചറിയും നേടി.

മറ്റൊരു മത്സരത്തിൽ, മേഘാലയയ്‌ക്കെതിരെ ബിഹാർ താരം വൈഭവ് സൂര്യവംശി അർധസെഞ്ചറി നേടി. വൈഭവിന്റെ കരിയറിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് അർധസെഞ്ചറിയാണിത്. വെറും 34 പന്തിലാണ് വൈഭവ് അമ്പത് തികച്ചത്. 67 പന്തിൽ 93 റൺസെടുത്താണ് താരം പുറത്തായത്. നാലു സിക്സും 9 ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. വെറും ഏഴു റൺസ് അകലെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോർഡ് 14 വയസ്സുകാരൻ വൈഭവിനു നഷ്ടമായത്. മത്സരം സമനിലയിൽ പിരിഞ്ഞു.

അതേസമയം, ഹിമാചൽ പ്രദേശിനെതിരെ ഹൈദരാബാദ് റെക്കോർഡ് ജയം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 344 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് ആറു വിക്കറ്റ് ജയം സ്വന്തമാക്കി. സെഞ്ചറി നേടിയ അഭിരത് റെഡ്ഡിയുടെ (200 പന്തിൽ 175*) അപരാജിത ഇന്നിങ്സാണ് ഹൈദരാബാദിനു കരുത്തായത്. രഞ്ജി ട്രോഫി ചരിത്രത്തിൽ, ചേസ് ചെയ്തു വിജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്.

Related Stories

No stories found.
Times Kerala
timeskerala.com