
ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോകുന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ട്രേഡ് ഡീലിനൊരുങ്ങുന്നു എന്നാണ് വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഈ കരാറുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സഞ്ജുവിന് പകരമായി ആർ അശ്വിനെ നൽകാമെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് പറയുന്നത്. എന്നാൽ, അശ്വിനെ മാത്രമല്ല, മധ്യനിര താരം ശിവം ദുബെയെയും വേണമെന്നാണ് രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നത്. ശിവം ദുബെയെ നൽകാൻ ചെന്നൈക്ക് താത്പര്യമില്ല. കഴിഞ്ഞ ഏതാനും സീസണുകളായി ചെന്നൈ ബാറ്റിംഗ് നിരയിൽ ശിവം ദുബെ തകർപ്പൻ പ്രകടനങ്ങളാണ് കാഴ്ച വച്ചത്.
കഴിഞ്ഞ സീസണിൽ സഞ്ജു, രാജസ്ഥാൻ റോയൽസ് വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് ഓപ്പണർമാരെ ടീമിലെത്തിച്ചതോടെ ഇതിന് ബലമേകി. ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവൻശി, ദക്ഷിണാഫ്രിക്കൻ താരം ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നിവരെയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. സഞ്ജു സാംസൺ, യശസ്വി ജയ്സാൾ എന്നീ ഓപ്പണർമാർ ഉള്ളപ്പോൾ രണ്ട് ഓപ്പണർമാരെ ടീമിലെത്തിച്ചതും ചർച്ചയായിരുന്നു.