ഐപിഎലിൽ ആധികാരിക വിജയത്തോടെ സീസൺ അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിനു തകർത്താണ് രാജസ്ഥാൻ റോയൽസ് അവസാന മത്സരത്തിൽ നാലാം ജയം സ്വന്തമാക്കിയത്. ചെന്നൈ നേടിയ 188 റൺസ് വിജയലക്ഷ്യം 17 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ റോയൽസിന്റെ ആകാശ് മധ്‌വൾ ആണ് കളിയിലെ താരം.
ഓപ്പണർമാർ ഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. യശസ്വി ജയ്സ്വാൾ പവർപ്ലേയിൽ ആഞ്ഞടിച്ചപ്പോൾ സ്കോർ കുതിച്ചുയർന്നു. 19 പന്തിൽ 36 റൺസ് നേടിയ താരം ഒടുവിൽ അൻഷുൽ കംബോജിന്റെ പന്തിൽ വീണു. ഇതോടെ വൈഭവ് സൂര്യവംശി സ്കോറിങ് ചുമതല ഏറ്റെടുത്തു. പതിവിന് വിപരീതമായി മോശം പന്തുകൾക്കായി കാത്തുനിന്നായിരുന്നു വൈഭവിൻ്റെ കളി. സഞ്ജുവും ബൗണ്ടറികൾ കണ്ടെത്തിയതോടെ രാജസ്ഥാൻ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. വൈഭവ് 27 പന്തുകളിൽ ഹാഫ് സെഞ്ചുറി തികച്ചു. ഇതിനു പിന്നാലെ 31 പന്തിൽ 41 റൺസ് നേടിയ സഞ്ജുവിനെ വീഴ്ത്തിയ ആർ അശ്വിൻ 98 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും അവസാനിപ്പിച്ചു. അതേ ഓവറിൽ തന്നെ വൈഭവും 33 പന്തിൽ 57 റൺസെടുത്താണ് പുറത്തായി.
റിയാൻ പരാഗിന് ഏറെ സമയം ക്രീസിൽ തുടരാനായില്ല. എന്നാൽ, ധ്രുവ് ജുറേലും ഷിംറോൺ ഹെട്മെയറും ചേർന്ന് രാജസ്ഥാനെ അനായാസ ജയത്തിലെത്തിക്കുകയായിരുന്നു. ധ്രുവ് ജുറേൽ 12 പന്തിൽ 31 റൺസ് നേടിയും ഷിംറോൺ ഹെട്മെയർ 5 പന്തിൽ 12 റൺസ് നേടിയും പുറത്താവാതെ നിന്നു.
14 മത്സരങ്ങളിൽ നാല് ജയം നേടി എട്ട് പോയിൻ്റുമായാണ് രാജസ്ഥാൻ റോയൽസ് സീസൺ അവസാനിപ്പിക്കുന്നത്. നിലവിൽ 9 ആം സ്ഥാനത്താണ് രാജസ്ഥാൻ.