കൊൽക്കത്ത: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ ഒരു റണ്ണിന് തോൽവിക്ക് വഴങ്ങി രാജസ്ഥാൻ റോയൽസ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിനെ തീപിടിപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റൻ റിയാൻ പരാഗ് മിന്നിത്തിളങ്ങിയ മത്സരത്തിലാണ് നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാജസ്ഥാൻ റോയൽസ് ഒറ്റ റണ്ണിന്റെ തോൽവിക്ക് വഴങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ, രാജസ്ഥാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു.
ഐപിഎലിൽ ഇതു മൂന്നാം തവണയാണ് റോയൽസ് ഒരു റൺ തോൽവി വഴങ്ങുന്നത്. 2011ൽ ഡൽഹിക്കെതിരെയും കഴിഞ്ഞ വർഷം ഹൈദരാബാദിനെതിരെയും അവർ ഇതേ മാർജിനിൽ തോറ്റിരുന്നു. ഈ സീസണിൽ ഡൽഹിക്കെതിരായ മത്സരം ടൈ ആയശേഷം സൂപ്പർ ഓവറിൽ തോൽവി വഴങ്ങിയ രാജസ്ഥാൻ ലക്നൗവിനെതിരെ പരാജയപ്പെട്ടത് 2 റൺസിനാണ്. ശനിയാഴ്ച ബെംഗളൂരുവിനെതിരായ മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടതും 2 റൺസിന്റെ നേരിയ മാർജിനിലാണ്.