ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് സെഞ്ചറിയുമായി ആത്മവിശ്വാസത്തോടെ ഇന്ത്യൻ ബാറ്റർ കെ.എൽ.രാഹുൽ. ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ഇന്ത്യ എ ടീമംഗമായ കെ.എൽ.രാഹുൽ സെഞ്ചറി (116) നേടിയത്. ആദ്യ ദിനം കളി നിർത്തുമ്പോൾ 83 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് ഇന്ത്യ.
തനുഷ് കോട്ടിയാനും (31 പന്തിൽ അഞ്ച്), അൻഷൂൽ കാംബോജുമാണ് (15 പന്തിൽ ഒന്ന്) ക്രീസിൽ. ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ചറി നേടി പുറത്തായി. 87 പന്തുകൾ നേരിട്ട ജുറേല്‍ 52 റൺസടിച്ചു. കരുൺ നായർ (71 പന്തിൽ 40), നിതീഷ് കുമാർ റെഡ്ഡി (57 പന്തിൽ 34) എന്നിവരും പിടിച്ചുനിന്നു. യശസ്വി ജയ്സ്വാളും (17), ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും നിരാശപ്പെടുത്തി.
17 ഓവറുകൾ പന്തെറിഞ്ഞ ഇംഗ്ലിഷ് താരം ക്രിസ് വോക്സ് 50 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ജോർജ് ഹിൽ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് പരിശീലനം വേണമെന്ന് ബിസിസിഐയെ അറിയിച്ചതോടെയാണ് രാഹുലിനെ ഇന്ത്യ എയ്ക്കു വേണ്ടി കളിപ്പിച്ചത്. രണ്ടാം മത്സരത്തിനായി ഐപിഎലിനു പിന്നാലെ വിശ്രമം വേണ്ടെന്നു വച്ചാണ് രാഹുൽ ഇംഗ്ലണ്ടിലേക്കു പറന്നെത്തിയത്.