
രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് രാജി വയ്ക്കാനുള്ള പ്രധാന കാരണം ടീം ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണെന്ന് വിവരം. കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജു സാംസണ് പരുക്കേറ്റപ്പോൾ പകരക്കാരനായി റിയാൻ പരാഗിനെ ഫ്രാഞ്ചൈസി കൊണ്ടുവന്നത് ദ്രാവിഡിന്റെ അഭിപ്രായം പരിഗണിക്കാതെയാണെന്നാണ് റിപ്പോർട്ട്.
റിയാൻ പരാഗിനെ ടീം ക്യാപ്റ്റനായി വളർത്തിക്കൊണ്ടുവരാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പരാഗിന്റെ ക്യാപ്റ്റൻസിയിൽ ദ്രാവിഡിനു സംശയങ്ങളുണ്ടായിരുന്നു. സഞ്ജുവിനു പകരം പരാഗിനെ നായകനാക്കുന്നതിന് ദ്രാവിഡിന് താൽപര്യമില്ലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണിലേക്കു രാജസ്ഥാനുവേണ്ടി കളിക്കാനില്ലെന്ന് സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതിനു പിന്നാലെ ദ്രാവിഡും പരിശീലക സ്ഥാനം രാജിവച്ചൊഴിഞ്ഞിരുന്നു. ദ്രാവിഡിനു വലിയ ചുമതല വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ലെന്ന് രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 2024 ൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് നേട്ടത്തിനുശേഷം ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് നേരെ വന്നത് രാജസ്ഥാനിലേക്കായിരുന്നു. ഫ്രാഞ്ചൈസിക്കൊപ്പം ഇനിയും തുടരാൻ ദ്രാവിഡിന് കരാറുണ്ടായിരുന്നു. ഇതു വേണ്ടെന്നുവച്ചാണ് ദ്രാവിഡ് സ്ഥാനമൊഴിഞ്ഞത്.