
ദോഹ: 2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിച്ചു. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ഒളിമ്പിക്‌സ് മത്സര ഇനങ്ങൾ നടത്താൻ 95 ശതമാനം സൗകര്യങ്ങൾ ഖത്തറിലുണ്ടെന്നും അത് നൂറ് ശതമാനത്തിലെത്തിക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ക്യുഒസി പ്രസിഡന്റ് ശൈഖ് ജൊആൻ ബിൻ ഹമദ് അൽതാനി വ്യക്തമാക്കി.
ആഗോള കായിക രംഗത്ത് മുൻനിരയിൽ ഖത്തറിനുള്ള സ്ഥാനമാണ് ഒളിമ്പിക്‌സ് ബിഡിലൂടെ അടയാളപ്പെടുത്തുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി വ്യക്തമാക്കി. ഒളിമ്പിക്‌സിന് ആതിഥേയരാകുന്ന ആദ്യ പശ്ചിമേഷ്യൻ രാജ്യമാവുകയാണ് ഖത്തറിന്റെ ലക്ഷ്യം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കായിക പ്രേമികൾക്ക് സുരക്ഷിതമായ കായികാനുഭവം പകരാൻ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, ചിലി എന്നീ രാജ്യങ്ങളും 2036 ഒളിമ്പിക്‌സിന് ആതിഥേയരാകാൻ ബിഡ് സമർപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഹങ്കറി, ഇറ്റലി, ജർമനി, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
2030 ലെ ഏഷ്യൻ ഗെയിംസിന് ഖത്തർ തലസ്ഥാനമായ ദോഹയാണ് വേദി. ഏഷ്യൻ ഗെയിംസിനുള്ള സൗകര്യങ്ങൾ ഒളിമ്പിക്‌സിലേക്കുള്ള തയ്യാറെടുപ്പാക്കി മാറ്റുകയാണ് ഖത്തറിന്റെ ലക്ഷ്യം.