2029 ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ തയ്യാറെന്ന് ഖത്തര്‍ | Club World Cup

ലോകകപ്പിന് ഉപയോഗിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളിൽ മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചു
Qatar
Published on

ദോഹ: അ‌ടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. 2029 ലാണ് അടുത്ത ടൂര്‍ണമെന്റ് നടക്കുന്നത്. 2022 ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകകപ്പിന് ഉപയോഗിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങള്‍ ഖത്തറിലുണ്ട്. ഇതെല്ലാം അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ താരങ്ങള്‍ 11 നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. ഖത്തറില്‍ ടൂര്‍ണമെന്റ് നടക്കുമ്പോൾ കളിക്കാര്‍ക്കും ആരാധകര്‍ക്കും ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്നാണ് ഫിഫയ്ക്ക് മുന്നില്‍ ഖത്തറിന്റെ പ്രധാന അവകാശവാദം.

അതേസമയം, നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഖത്തറില്‍ ടൂര്‍ണമെന്റ് നടത്താനാവില്ല. ശൈത്യകാലം തുടങ്ങുന്ന ഡിസംബറിലേക്ക് ടൂര്‍ണമെന്റ് മാറ്റേണ്ടിവരും. ഇത് യൂറോപ്യന്‍ ലീഗുകളെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ യുവേഫ എതിര്‍പ്പ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. ഖത്തറിന് പുറമെ ബ്രസീലും സ്പെയിനും മൊറോക്കോയും സംയുക്തമായി ആതിഥേയത്വത്തിന് ശ്രമം നടത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com