

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ ഭാര്യാ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ രാജ്കോട്ടിൽ ഹരിഹർ സൊസൈറ്റിയിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ജീത് പബാരി(30)യെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജീത് ആത്മഹത്യ ചെയ്തതാണെന്ന് എസിപി ബി.ജെ. ചൗധരി പറഞ്ഞു. പൂജാരയുടെ ഭാര്യ പൂജ പബാരിയുടെ സഹോദരനാണ് ജീത് പബാരി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. വീട്ടിൽ ഫൊറൻസിക് പരിശോധന നടത്തുമെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്നും എസിപി വ്യക്തമാക്കി. ബിസിനസുകാരനായിരുന്ന ജീതിന് സാമ്പത്തിക ബാധ്യതകളില്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ജീതിന്റെ മൊബൈൽ ഫോണും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഒരു വർഷം മുൻപ് ഒരു യുവതി ജീതിനെതിരെ പീഡന പരാതി നൽകിയിരുന്നു. വിവാഹാലോചന വഴിയാണ് ജീതും യുവതിയും പരിചയപ്പെട്ടത്. വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. തുടർന്നാണ് ജീതിനെതിരെ യുവതി പീഡന പരാതി നൽകിയത്. കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് ജീത് മുൻകൂർ ജാമ്യം നേടിയിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
2024 നവംബർ 26 നാണ് ജീതിനെതിരെ യുവതി പരാതി നൽകിയത്. ഒരു വർഷത്തിനു ശേഷം അതേ തീയതിയിലാണ് ജീത് ജീവനൊടുക്കിയത്. രണ്ടു മാസത്തിലേറെയായി ജീത് വിഷാദത്തിലായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവസമയത്ത് ജീതിന്റെ ഭാര്യയും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 11 മണിയോടെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലാണ് ജീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീതിന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നത് കേസിൽ നിർണായകമാകും.