
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുടേയും വി. ശ്രീനിവാസന്റെയും മകൻ വിഘ്നേഷ് ഉജ്വൽ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്‌ണ ആണ് വധു. എംബിബിഎസ് സ്പോർട്‌സ് മെഡിസിൻ പഠനം പൂർത്തിയാക്കിയ വിഘ്നേഷ് ഡോക്ടറാണ്. തിങ്കളാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.
കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാൾ, എൽ. മുരുഗൻ, മൻസൂഖ് മാണ്ഡവ്യ, ജോർജ് കുര്യൻ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ ജെ.സുമരിവാലാ എന്നിവർ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിരുന്നു. ബോക്സിങ് ഇതിഹാസം മേരി കോം, നടന്‍ ശ്രീനിവാസൻ, എംപിമാരായ ജോസ് കെ.മാണി, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, ഫ്രാൻസിസ് ജോർജ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.
നാലു വർഷത്തിനു ശേഷമാണ് മകനു ചേർന്ന പെൺകുട്ടിയെ കണ്ടെത്തിയതെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും പി.ടി. ഉഷ പറഞ്ഞു. ക്ഷണം സ്വീകരിച്ച് വിവാഹത്തിനെത്തിയവർക്ക് പി.ടി. ഉഷ നന്ദിയും അറിയിച്ചു.