
ക്ലബ് ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഇന്ന് ചെൽസി, പിഎസ്‌ജിയെ നേരിടും. ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ. ഇരു ടീമിനും വിജയം അനിവാര്യമാണ്. ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായും മുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറച്ചാണ് ഇന്ന് പിഎസ്ജി ഇറങ്ങുന്നത്. എന്നാൽ, ടൂർണമെന്റിൽ രണ്ടാം കിരീടം നേടി, യൂറോപ്യൻ ഫുട്ബോളിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള സുവർണാവസരമാണ് ചെൽസിക്ക് ഈ ഫൈനൽ. മത്സരം ഇന്നു രാത്രി 12.30 മുതൽ. ഫൈനലിന് ഇന്ത്യയിൽ ടെലിവിഷൻ സ്പ്രേഷണമില്ല.
ഉസ്മാൻ ഡെംബലെ, ഡിസിറെ ഡുവെ, ക്വിച്ച ക്വാരട്സ്‌ഹെലിയ തുടങ്ങിയവരടങ്ങിയ മുന്നേറ്റ നിരയാണ് പിഎസ്ജിയുടെ കരുത്ത്. ഇവർക്കൊപ്പം അച്റഫ് ഹാക്കിമി, വിറ്റിഞ്ഞ, മാർക്വിഞ്ഞോസ്, ഫാബിയാൻ റൂയിസ് എന്നിവർ കൂടി ചേരുന്നതോടെ ഫ്രഞ്ച് ക്ലബ്ബിന്റെ ആക്രമണ നിര ഡബിൾ സ്ട്രോങ് ആണ്.
മറുവശത്ത് കോൾ പാമർ നേതൃത്വം നൽകുന്ന ചെൽസി അറ്റാക്കിനെ പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ്, ജോവ പെഡ്രോ, നിക്കോളാസ് ജാക്സൻ എന്നിവരുടെ സാന്നിധ്യം സമ്പന്നമാക്കുന്നു.