
ക്ലബ് ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ ബയേൺ മ്യൂണികിനെ എതിരില്ലാത്ത രണ്ട്‌ഗോളിന് തോൽപിച്ച് പിഎസ്ജി സെമിയിൽ. രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ ഒൻപത് പേരുമായാണ് പിഎസ്‌ജി പൊരുതിയത്. 78ാം മിനിറ്റിൽ കൗമാരതാരം ഡിസറേ ഡുവോയിലൂടെ ഫ്രഞ്ച് ക്ലബ് മുന്നിലെത്തി. 90+6ാം മിനിറ്റിൽ ഒൻമാൻ ഡെംബലയിലൂടെ രണ്ടാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെയാണ് പ്രധാന കിരീടം ലക്ഷ്യമിട്ട് പിഎസ്ജി മുന്നേറുന്നത്.
82ാം മിനിറ്റിൽ പിഎസ്ജിയുടെ വില്യൻ പാചോക്കും ഇഞ്ചുറി ടൈമിൽ ലൂക്കാസ് ഹെർണാണ്ടസിനും ചുവപ്പ്കാർഡ് ലഭിച്ചെങ്കിലും ആ അവസരം മുതലാക്കാൻ ബയേണിനായില്ല. ആക്രമണ-പ്രത്യാക്രമണവുമായി രണ്ടു ടീമുകളും കളം നിറഞ്ഞതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. പിഎസ്ജിക്കായി ഡോണറൂമയും ബയേണിനായി മാനുവൽ ന്യൂയറും ഗോൾവലക്ക് മുന്നിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ അവസാന മിനിറ്റുകളിൽ അറ്റാക്കിന് മൂർച്ചകൂട്ടിയ ലൂയിസ് എൻറികെയുടെ സംഘം ന്യൂയർകോട്ട പൊളിച്ച് ഗോൾവല ഭേദിക്കുകയായിരുന്നു.