
ക്ലബ് ലോകകപ്പ് സെമിയിൽ റയൽ മാഡ്രിഡിനെ തോല്പിച്ച് പിഎസ്ജി ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് യൂറോപ്യൻ ചാമ്പ്യന്മാർ വിജയിച്ചത്. സ്പാനിഷ് താരം ഫാബി റൂയിസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഗോൺസാലോ റാമോസ്, ഡെമ്പലേ എന്നിവർ ഓരോ ഗോൾ വീതം നേടി.
മത്സരത്തിന്റെ കിക്കോഫ് മുതൽക്കേ പിഎസ്ജി നിരന്തരം റയൽ ഗോൾ മുഖത്തേക്ക് ആക്രമിച്ചാണ് കളിച്ചത്. ആറാം മിനുട്ടിൽ ആദ്യ ഗോളെത്തി. പന്ത് ക്ലിയർ ചെയ്യുന്നതിൽ റയൽ പ്രതിരോധ താരം റൗൾ അസെൻസിയോക്ക് പിഴച്ചപ്പോൾ ഡെമ്പലേ പന്തുമായി മുന്നേറി, ഗോൾകീപ്പർ കൊർട്ടോയിസ് മുന്നേറ്റം തടുത്തിട്ടെങ്കിലും റീബൗണ്ടിൽ റൂയിസ് വലകുലുക്കി. മൂന്ന് മിനുറ്റുകൾക്കകം പിഎസ്ജി ലീഡ് രണ്ടാക്കി.
രണ്ട് ഗോൾ വഴങ്ങിയതോടെ റയൽ കൂടുതൽ പ്രതിരോധത്തിലായി. മറുപുറത്ത് പിഎസ്ജി മുന്നേറ്റങ്ങൾ ഇടതടവില്ലാതെ റയൽ പ്രതിരോധ നിരയെ പരീക്ഷിച്ചു കൊണ്ടിരുന്നു. 23 ആം മിനുട്ടിൽ പിഎസ്ജി മൂന്നാം ഗോൾ കണ്ടെത്തി. ഹകീമി ഒരുക്കി നൽകിയ പാസിനെ വലയിലേക്ക് തിരിച്ച് വിടേണ്ട ഉത്തരവാദിത്തമേ റൂയിസിനുണ്ടായിരുന്നുള്ളൂ. 87 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് കൂടി ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ ജയം ആധികാരികമായി.
ജൂലൈ 14 ന് നടക്കുന്ന ഫൈനലിൽ ചെൽസിയാണ് പിഎസ്ജിയുടെ എതിരാളികൾ. സെമി ഫൈനൽ മത്സരങ്ങൾ നടന്ന മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക.