
അർജന്റീന സെക്കൻഡ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഓൾ ബോയ്സ് ആരാധകർക്കെതിരെ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. അറ്റ്ലാന്റക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ ഓൾ ബോയ്സ് ആരാധകർ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയർത്തിയിരുന്നു. ഇതിനെതിരെയാണ് നടപടി.
ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന് പുറത്തായി അറ്റ്ലാന്റ ജേഴ്സിയുടെ നിറമായ മഞ്ഞയും നീലയും പെയ്ന്റ് ചെയ്ത ശവമഞ്ചങ്ങളുമായി ഓൾ ബോയ്സ് ആരാധകർ ഒത്തുക്കൂടിയിരുന്നു. ശവമഞ്ചത്തിന് പുറത്ത് ഇസ്രായേൽ പതാക കെട്ടിവെച്ച ആരാധകർ 'അറ്റ്ലാന്റയും ഇസ്രായേലും വിഡ്ഢികളാണ്' എന്ന തരത്തിലുള്ള കുറിപ്പുകളും വിതരണം ചെയ്തിരുന്നു.
ഓൾ ബോയ്സ് ആരാധകരുടെ പ്രവർത്തികളെ അപലപിച്ച അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇത്തരം വിവേചനങ്ങളും ജൂതവിരുദ്ധതയും അനുവദിക്കാനാകില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ആരാധകർക്കെതിരെ ബ്യുണസ് ഐറസ് പോലീസ് അന്വേഷണം ആരംഭിച്ചു.
അർജന്റീനയിൽ ജൂത കുടിയേറ്റക്കാർ ഏറെയുള്ള വില്ല ക്രെസ്പോ പ്രദേശത്ത് നിന്നുള്ള ക്ലബാണ് അറ്റലാന്റ. നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ടീം, ഫസ്റ്റ് ഡിവിഷനിലേക്കുള്ള പ്രമോഷൻ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.