
പ്രൈം വോളി കിരീടം സ്വന്തമാക്കാൻ കാലിക്കറ്റ് ഹീറോസ് വിമാനം കയറി. കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ കാലിക്കറ്റ് ഹീറോസ് ഇത്തവണയും കിരീടവുമായി തിരിച്ചെത്തുമെന്ന വാശിയിലാണ് ഹൈദരാബാദിലേക്ക് പോകുന്നത്. പ്രൈംവോളിയുടെ നാലാം സീസണ് ഒക്ടോബർ രണ്ടിന് വൈകിട്ട് ഏഴിന് തുടക്കമാകും. ഹൈദരാാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് ഹൈദരാബാദിനെയാണ് നേരിടുന്നത്.
എഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവണ്ടി നാലു തവണ കളത്തിലിറങ്ങിയ തമിഴ്‌നാട്ടുകാരനായ സെറ്റർ മോഹൻ ഉക്രപാണ്ഡ്യനാണ് ഈ വർഷവും കാലിക്കറ്റിനെ നയിക്കുന്നത്. ആഫ്രിക്കയിൽനിന്നുള്ള അറ്റാക്കർ ഡെറ്റെ ബോസ്കോയും ശ്രീലങ്കയിൽനിന്നുള്ള അറ്റാക്കർ തരുഷ ചമത്തുമാണ് ഇത്തവണ കാലിക്കറ്റിന്റെ കരുത്തർ. കഴിഞ്ഞ കിരീടനേട്ടത്തിൽ കാലിക്കറ്റിന്റെ കരുത്തായിരുന്ന ബ്ലോക്കർ വികാസ് മാനും യൂണിവേഴ്സൽ അശോകും സിബറോ മുകേഷും ടീമിലുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള അറ്റാക്കർ സന്തോഷ്, കർണാടക സ്വദേശി ഉസാമ റഹ്മത് എന്നിവർക്കു പുറമെ മലയാളി ദേശീയ താരങ്ങളായ ഷമീമുദ്ദീനും അബ്ദുൾ റഹീമും ഹാരിസും കിരൺ രാജും ആദർശും അടക്കമുള്ള യുവതാരങ്ങളും ടീമിലുണ്ട്.
മുൻ ഇന്ത്യൻ ടീം പരിശീലകനായ സണ്ണി ജോസഫിനു കീഴിൽ ദേവഗിരി കോളജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം. അഹമ്മദ് ഫായിസ്, സാദിഖ് എന്നിവരാണ് അസിസ്റ്റന്റ് കോച്ചുമാർ.