

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോലിയുടെ റെസ്റ്റോറൻ്റിൽ ഭക്ഷണ വിഭവങ്ങൾക്ക് തീവില. മുംബൈയിലെ ജുഹുവിലുള്ള കോലിയുടെ 'വൺ8 കമ്മ്യൂൺ റെസ്റ്റോറൻ്റി'ലെ മെനു കണ്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിൻ്റെ ബംഗ്ലാവ് പുതുക്കിപ്പണിത് അവിടെയാണ് കോലിയുടെ റെസ്റ്റോറൻ്റ് പ്രവർത്തിക്കുന്നത്. 2022 ലാണ് ഈ റെസ്റ്റോറൻ്റ് പ്രവർത്തനം ആരംഭിച്ചത്.
പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയിലെ റെസ്റ്റോറൻ്റ് പേജിൽ മെനു അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ലഖ്നവി ദം ലാമ്പ് ബിരിയാണിയുടെ വില 978 രൂപയാണ്. ചിക്കൻ ചെട്ടിനാടിന് 878 രൂപ. സാൾട്ടഡ് ഫ്രൈസിന് 348 രൂപയും തന്തൂരി റൊട്ടിയ്ക്കും ബേബി നാനും 118 രൂപയുമാണ് വില. സ്പെഷ്യൽ കിംഗ് കോലി ചോക്കളേറ്റ് മൂസിന് 818 രൂപയും സിഗ്നേച്ചർ സിസ്ലിങ് ക്രൊഷാൻ്റിന് 918 രൂപയും. ലാമ്പ് ഷാങ്ക് എന്ന വിഭവമാണ് ഇവിടത്തെ ഏറ്റവും വില കൂടിയ ഐറ്റം. 2318 രൂപയാണിതിന്.
വിരാട് കോലി ആരംഭിച്ച റെസ്റ്റോറൻ്റ് ശൃംഖലയാണ് വൺ8 കമ്മ്യൂൺ. ഡൽഹിയിലെ കൊണാട്ട് പ്ലേ, ഏറോസിറ്റി, മുംബൈയിലെ ജുഹു, ലോവർ പാരൽ, ഗുഡ്ഗാവ്, ബെംഗളൂരു, കൊൽക്കത്ത, പൂനെ, ഇൻഡോർ, ജയ്പൂർ, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലാണ് വൺ8 കമ്മ്യൂൺ റെസ്റ്റോറൻ്റുകൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളിലേക്കും വൺ8 കമ്മ്യൂൺ വ്യാപിപ്പിക്കുമെന്നാണ് വിവരം.