

അർമീനിയയ്ക്കെതിരായ ആധികാരിക വിജയത്തോടെ പോർച്ചുഗൽ 2026 ഫുട്ബോൾ ലോകകപ്പിനു യോഗ്യത നേടി. കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡ് കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള യുവനിര അർമീനിയയെ ആക്രമിച്ചു കീഴടക്കുകയായിരുന്നു (9–1). മത്സരത്തിൽ ബ്രൂണോയും ജോവ നെവസും ഹാട്രിക് നേടി. ഗ്രൂപ്പ് എഫിൽ 13 പോയിന്റുമായി പോർച്ചുഗൽ ഒന്നാമതെത്തി.
ഇന്നലെ രാത്രി പോർട്ടോയിലെ ഡ്രാഗോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റെനാറ്റോ വിയേഗ (7–ാം മിനിറ്റ്), ഗോൺസാലോ റാമോസ് (28), ജോവ നെവസ് (30,41,81), ബ്രൂണോ ഫെർണാണ്ടസ് (45+3 പെനൽറ്റി, 51, 72 പെനൽറ്റി), ഫ്രാൻസിസ്കോ കൺസീയിസാവോ (90+2) എന്നിവരാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. റെനാറ്റോ വിയേഗ പോർച്ചുഗലിന്റെ ആദ്യഗോൾ നേടിയതിനു പിന്നാലെ എഡ്വേഡ് സ്പെർട്സ്യാൻ അർമീനിയയ്ക്കായി ഒരു ഗോൾ മടക്കിയിരുന്നു. എന്നാൽ, ഒന്നിനു പിന്നാലെ ഒന്നായി 8 ഗോളുകൾ കൂടി വഴങ്ങേണ്ടി വന്നതോടെ അർമീനിയ ഗോൾകീപ്പർ ഹെൻറി അവഗ്യാൻ തകർന്ന മനസ്സോടെയാണു കളം വിട്ടത്.