
ടോക്കിയോ: പുരുഷ പോൾവോൾട്ടിൽ സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലന്റിസിന് തുടർച്ചയായ 3–ാം ലോക ചാംപ്യൻഷിപ്. 14–ാം തവണ ലോക റെക്കോർഡ് തിരുത്തിയാണ് ഡുപ്ലന്റിസ് തുടർച്ചയായ 3–ാം ലോക ചാംപ്യൻഷിപ് സ്വർണം നേടിയത്. ആഗസ്റ്റിൽ സ്ഥാപിച്ച 6.29 മീറ്റർ എന്ന റെക്കോർഡാണ് 6.30 മീറ്റർ ചാടി മെച്ചപ്പെടുത്തിയത്. ഈ വർഷം 4–ാം തവണയാണ് ഡുപ്ലന്റിസ് ലോക റെക്കോർഡ് തിരുത്തിക്കുറിക്കുന്നത്.
ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയതിനു ലഭിക്കുന്ന 70,000 ഡോളറിനൊപ്പം ലോക റെക്കോർഡ് സ്ഥാപിച്ചതിനുള്ള ബോണസ് ഒരു ലക്ഷം ഡോളറും സഹിതമാണ് ഡുപ്ലന്റിസ് സ്വീഡനിലേക്കു മടങ്ങുക. ഇരുപത്തഞ്ചുകാരനായ ഡുപ്ലന്റിസ് 2020 ൽ 6.17 മീറ്റർ മറികടന്നാണ് ആദ്യ ലോക റെക്കോർഡ് സ്വന്തമാക്കുന്നത്. പിന്നീടുള്ള ഇവന്റുകളിൽ ഓരോ സെന്റിമീറ്റർ വീതം ഉയർന്നു ചാടി തന്റെ റെക്കോർഡ് മറികടക്കുന്നത് ഡുപ്ലന്റിസ് വിനോദമാക്കി മാറ്റി.
വെള്ളി നേടിയ ഗ്രീസിന്റെ എമ്മനോവിൽ കരാലിസിനു 6 മീറ്റർ മാത്രമാണ് മറികടക്കാനായത്. ടോക്കിയോയിലെ സ്റ്റേഡിയത്തിൽ ആദ്യ ശ്രമങ്ങൾ നിസാരമായാണ് ഡുപ്ലന്റിസ് മറികടന്നത്. 6 മീറ്ററിൽ കരാലിസ് വീണതോടെ റെക്കോർഡ് സ്ഥാപിക്കുകയായി ലക്ഷ്യം. 6.30 മീറ്റർ ഉയരത്തിലുള്ള ക്രോസ് ബാർ ആദ്യ രണ്ടു ശ്രമങ്ങളിലും ഡുപ്ലന്റിസിനൊപ്പം ജംപിങ് ബെഡിൽ പതിച്ചു. അവസാന ശ്രമത്തിൽ ഡുപ്ലന്റിസ് ആ ഉയരവും മറികടന്നു.