ഹർമൻപ്രീതിൻ്റെ പെൺപുലികൾ മുത്തമിട്ടത് കന്നിക്കിരീടത്തിൽ ! : അഭിനന്ദിച്ച് പ്രധാനമന്ത്രി, മനസ് നിറഞ്ഞ് രോഹിത് ശർമ്മ | World Cup

ഈ വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ പൊൻതൂവലായി മാറും
ഹർമൻപ്രീതിൻ്റെ പെൺപുലികൾ മുത്തമിട്ടത് കന്നിക്കിരീടത്തിൽ ! : അഭിനന്ദിച്ച് പ്രധാനമന്ത്രി, മനസ് നിറഞ്ഞ് രോഹിത് ശർമ്മ | World Cup
Published on

നവി മുംബൈ: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്രമെഴുതി. ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ വിജയം ഉറപ്പിച്ച ആ നിമിഷം ഏവരുടെയും മനസ് നിറച്ച ഒരു ചിത്രം സ്‌ക്രീനുകളിൽ തെളിഞ്ഞു, സന്തോഷത്തോടെ അവരെ ഗാലറിയിൽ നിന്ന് നോക്കി നിൽക്കുന്ന രോഹിത് ശർമ്മ !(PM Modi congratulates Indian women's cricket team on World Cup win)

ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെ പ്രകടനമാണ്. അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ച ദീപ്തി ബാറ്റിംഗിൽ 58 റൺസും നേടി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഷെഫാലി വർമ്മയും (87), സ്മൃതി മന്ദാനയും (45) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഈ ഓപ്പണിംഗ് കൂട്ടുകെട്ട് 104 റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടു. 58 പന്തിൽ എട്ട് ബൗണ്ടറികൾ സഹിതമാണ് മന്ദാന മടങ്ങിയത്.

തുടർന്ന് വന്ന ജെമീമ റോഡ്രിഗസുമൊത്ത് (24) ഷെഫാലി 62 റൺസ് കൂടി കൂട്ടിച്ചേർത്തു. 78 പന്തുകൾ നേരിട്ട ഷെഫാലി ഏഴ് ഫോറുകളും രണ്ട് സിക്സറുകളും പറത്തി. എന്നാൽ, മധ്യനിരയിൽ ഹർമൻപ്രീത് കൗർ (20), ജെമീമ, അമൻജോത് കൗർ (12) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.

ഈ ഘട്ടത്തിൽ, ദീപ്തി ശർമ്മയും (58), റിച്ചാ ഘോഷും (34) ചേർന്നുള്ള 47 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. റിച്ച ഘോഷിന്റെ ഇന്നിംഗ്‌സിൽ രണ്ട് സിക്‌സറുകളും മൂന്ന് ഫോറുകളുമുണ്ടായിരുന്നു. 58 പന്തുകൾ നേരിട്ട ദീപ്തി ശർമ്മ മൂന്ന് ഫോറുകൾ ഉൾപ്പെടെയാണ് തന്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

299 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ലോറ വോൾവാർഡ് (101) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്നുപോയി. 98 പന്തിൽ സെഞ്ചുറി തികച്ച വോൾവാർഡിന് പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

വോൾവാർഡ് - ടസ്മിൻ ബ്രിട്ട്‌സ് (23) സഖ്യം ആദ്യ വിക്കറ്റിൽ 51 റൺസ് ചേർത്ത് ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ, അമൻജോത് കൗറിന്റെ നേരിട്ടുള്ള ഏറിലൂടെ ടസ്മിൻ റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകർന്നു. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) തുടങ്ങിയ പ്രമുഖർ നിരാശപ്പെടുത്തി.

ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 148 റൺസ് എന്ന നിലയിലായ ദക്ഷിണാഫ്രിക്കയെ വോൾവാർഡ് - അനെകെ ബോഷ് (25) സഖ്യം 61 റൺസ് കൂട്ടിച്ചേർത്ത് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ, ദീപ്തി ശർമ്മ ബ്രേക്ക് ത്രൂ നൽകി ബോഷിനെ ബൗൾഡാക്കി. വൈകാതെ, സെഞ്ചുറിയുമായി ക്രീസിൽ നിലയുറപ്പിച്ച വോൾവാർഡിനെ മടക്കിയയച്ചതും ദീപ്തിയായിരുന്നു. വോൾവാർഡിന്റെ വിക്കറ്റോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചു.

ഇന്ത്യൻ ബൗളിംഗിൽ ദീപ്തി ശർമ്മ 5 വിക്കറ്റുകളും, ശ്രീചരണി, അമൻജോത് കൗർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

ബാറ്റിംഗിൽ അർദ്ധ സെഞ്ചുറിയും, ബൗളിംഗിൽ അഞ്ച് വിക്കറ്റുകളും നേടിയ ഓൾറൗണ്ടർ ദീപ്തി ശർമ്മയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ പൊൻതൂവലായി മാറും.

ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അഭിനന്ദിച്ചു. "ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ഇന്ത്യൻ ടീമിന്റെ അത്ഭുതകരമായ വിജയം. ഫൈനലിലെ അവരുടെ പ്രകടനം മികച്ച കഴിവും ആത്മവിശ്വാസവും കൊണ്ട് അടയാളപ്പെടുത്തി," അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

"ടൂർണമെന്റിലുടനീളം ടീം അസാധാരണമായ ടീം വർക്കും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു. നമ്മുടെ കളിക്കാർക്ക് അഭിനന്ദനങ്ങൾ. ഈ ചരിത്ര വിജയം ഭാവി ചാമ്പ്യന്മാരെ കായികരംഗത്തേക്ക് കൊണ്ടുപോകാൻ പ്രേരിപ്പിക്കും," മോദി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com