ഡൽഹി : വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക വസതിയിലാണ് ഇന്ത്യൻ താരങ്ങള്‍ പ്രധാനമാന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടർച്ചയായ മൂന്ന് തോൽവികൾ നേരിട്ടതിന് ശേഷവും അസാധാരണമായ മാനസിക ശക്തിയോടെ തിരിച്ചെത്തി ചരിത്രം സൃഷ്ടിച്ച ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് വിജയത്തിനരികെ തോറ്റ് തിരിച്ചെത്തിയപ്പോഴും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയകാര്യം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു. അന്ന് കിരീടമില്ലാതെ ആയിരുന്നു ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാലിന്ന് കിരീടവുമായാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇത്തരം കൂടിക്കാഴ്ചകള്‍ ഇടക്കിടെ സംഭവിക്കട്ടെ എന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.
ടീമംഗങ്ങൾ ഒപ്പിട്ട ജേഴ്സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.ഞായറാഴ്ച മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയത്.