കായിക മാമാങ്കത്തിന് രുചി പകരാൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഭക്ഷണശാല ഒരുങ്ങി | Sports Festival

പുട്ട്, ദോശ, ഇഡ്ഡലി, പൂരി, ഇടിയപ്പം തുടങ്ങി..ചിക്കൻ/ ബീഫ്/ മീൻ/മുട്ട വരെ
Sports Festival
Published on

തിരുവനന്തപുരം: പുട്ട്, ദോശ, ഇഡ്ഡലി, പൂരി, ഇടിയപ്പം തുടങ്ങി ചിക്കനും ബീഫുമൊക്കെയായി സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കുള്ള ഭക്ഷണശാല ഒരുങ്ങി. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. ദിവസം 20,000ത്തോളം പേർക്ക് നാലിടങ്ങളിലായി ഭക്ഷണം വിളമ്പും. പുത്തരിക്കണ്ടം മൈതാനത്ത് 2500 ഓളം ആളുകൾക്ക് ഇരുന്നു കഴിക്കാവുന്ന ഹാളും സജ്ജമാക്കിയിട്ടുണ്ട്.

പുട്ട് കടല, പൂരി മസാല, ഇഡ്ഡലി ദോശ സാമ്പാർ, ഇടിയപ്പം വെജ് സ്റ്റൂ എന്നിവയാണ് പ്രഭാത ഭക്ഷണത്തിന്റെ മെനു. പാൽ, മുട്ട, പഴം എന്നിവയും നൽകും. ഉച്ചയ്ക്ക് ഊണും ചിക്കൻ/ ബീഫ്/ മീൻ/മുട്ട എന്നിവയിലേതെങ്കിലും ഉൾപ്പെടുത്തിയ മാംസവിഭവവുമുണ്ടാകും. ആദ്യദിനം പായസത്തോടുകൂടിയ സദ്യയാവും ഉണ്ടാവുക.

26ന് ബിരിയാണിയാണ് ഉച്ചഭക്ഷണം. വൈകിട്ട് ചായയും ചെറുകടിയും രാത്രിയിൽ ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം നോൺ വെജ് വിഭവവും ഉണ്ടാകും. പുത്തരിക്കണ്ടത്താണ് മെയിൻ പാചകപ്പുരയെങ്കിലും വെള്ളായണി എം.ആർ.എസ്, മൈലം ജി.വി.രാജ, പിരപ്പൻകോട് സ്വിമ്മിംഗ്പൂൾ എന്നീ കേന്ദ്രങ്ങളിലും ചെറിയ പാചകകേന്ദ്രവും ഭക്ഷണവിതരണവും സജ്ജമാക്കും.

കലവറ തുറന്നതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ ശേഖരിച്ച ഭക്ഷണ സാധനങ്ങൾ ഏറ്റുവാങ്ങിയ മന്ത്രി ജി.ആർ.അനിൽ, പാചകപ്പുരയിൽ പാലുകാച്ചലും നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, ഫുഡ് കമ്മിറ്റി കൺവീനർ എ.നജീബ് തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ വഴിയായി വിദ്യാർത്ഥികൾ ശേഖരിച്ച 25 ഇനം ഭക്ഷണ സാധനങ്ങളാണ് കലവറയിലേക്ക് ഏറ്റുവാങ്ങിയത്. വടിയരി, നാളികേരം, വെളിച്ചെണ്ണ, പഞ്ചസാര, സവാള, ഉരുളക്കിഴങ്ങ്, തേയില, ഇഞ്ചി, പയർ, ചേന, ചേമ്പ്, നെയ്യ്, ഏത്തക്കുല, കുരുമുളക്, വെള്ളക്കടല, തണ്ണിമത്തൻ, പൈനാപ്പിൾ, വാഴപ്പഴം, നല്ലെണ്ണ, ഡാൽഡ, ഉപ്പ്, വെളുത്തുള്ളി, പപ്പടം, ശർക്കര തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com