
ജമ്മു കാഷ്മീരിൽ നിന്ന് ഇന്ത്യക്കായി കളിച്ച ആദ്യ ക്രിക്കറ്റ് താരമായ പർവേസ് റസൂൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്ന 36കാരനായ പർവേസ് റസൂൽ കരിയറിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത്.
2014 ജൂൺ 15നാണ് പർവേസ് റസൂൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറിയത്. സുരേഷ് റെയ്‌നയുടെ നായകത്വത്തിൽ മിർപുരിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 10 ഓവറിൽ 60 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
2017 ജനുവരി 26ന് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലും റസൂൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങിയ റസൂൽ നാലോവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. എട്ടാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ പർവേസ് അഞ്ചു റൺസുമെടുത്തു.
ഇതിനിടെ, ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു പർവേസ് റസൂൽ. നിലവിൽ ആഭ്യന്തര ക്രിക്കറ്റിലും അവസരം കുറഞ്ഞതോടെയാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ താരം തീരുമാനിച്ചത്. 17 വർഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറിൽ 352 വിക്കറ്റുകളും 5,648 റൺസും റസൂൽ നേടിയിട്ടുണ്ട്.
2013-2014 സീസണിലും 2017 -18 രഞ്ജി സീസണിലെയും മികച്ച ഓൾ റൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫി സ്വന്തമാക്കി. ഐപിഎല്ലിൽ സൗരവ് ഗാംഗുലി നായകനായ പൂന വാരിയേഴ്‌സ് ടീമിൽ അംഗമായിരുന്നു പർവേസ് റസൂൽ. ശ്രീലങ്കയിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച അദ്ദേഹം ജൂനിയർ താരങ്ങളുടെ പരിശീലകനുമായി.