പാരിസ് ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ത്രോയിലാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്. 88.16 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. ആദ്യ ത്രോയിൽ 87.88 മീറ്റർ താണ്ടിയ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് രണ്ടാം സ്ഥാനം. ബ്രസീൽ താരം ലൂയി മൗറീസ്യോ ദ സിൽവ(86.62 മീറ്റർ)യാണ് മൂന്നാം സ്ഥാനത്ത്.
ആദ്യ ത്രോയിൽ പിന്നിട്ട 88.16 മീറ്റർ ദൂരമാണ് നീരജിന്റെ നേട്ടത്തിൽ നിർണായകമായത്. രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്.
മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിലെ സ്വപ്ന ദൂരമായ 90 മീറ്റർ പിന്നിട്ടെങ്കിലും നീരജിന് രണ്ടാംസ്ഥാനമായിരുന്നു. പിന്നാലെ പോളണ്ടിൽ നടന്ന മീറ്റിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി. 2 മത്സരങ്ങളിലും നീരജിനെ പിന്തള്ളിയത് ജർമനിയുടെ ജൂലിയൻ വെബ്ബറാണ്. വെബർ അടക്കം 90 മീറ്റർ കടമ്പ പിന്നിട്ട 5 താരങ്ങൾ പാരിസിൽ നീരജിനൊപ്പം മത്സരിക്കാനുണ്ടായിരുന്നു.