ലീഡ്സ്: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി വിമർശകരുടെ വായടപ്പിച്ച് ഇന്ത്യയുടെ ഉപനായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ഋഷഭ് പന്ത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലടക്കം മുൻനിരയിലെ മൂന്ന് ബാറ്റർമാർ ക്രീസ് വിട്ടതിനു പിന്നാലെയാണ് പന്ത് ക്രീസിലെത്തിയത്. 140 പന്തിൽ 118 റൺസാണ് പന്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. നിർഭയനായി ബാറ്റുവീശിയ താരം 18 തവണയാണ് പന്ത് അതിർത്തിവര കടത്തിയത്. ഇതിൽ മൂന്നെണ്ണം ഗാലറിയിലെത്തി. ആദ്യ ഇന്നിങ്സിൽ നേടിയതാകട്ടെ 178 പന്തിൽ 134 റൺസും.
രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയതോടെ, 148 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററെന്ന ബഹുമതി പന്തിന്‍റെ പേരിലായി. 2001ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇതേനേട്ടം കൈവരിച്ച സിംബാബ്വെ താരം ആൻഡി ഫ്ളവറാണ് പട്ടികയിലെ ആദ്യ താരം. 142, 199* എന്നിങ്ങനെയായിരുന്നു ഫ്ളവറിന്‍റെ റെക്കോർഡ് നേട്ടം. അതേസമയം ഇംഗ്ലിഷ് മണ്ണിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് പന്ത്. 2022ലെ എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ ഒരിന്നിങ്സിൽ സെഞ്ച്വറിയും അടുത്തതിൽ ഫിഫ്റ്റിയുമടിച്ച് (146 & 57) പന്ത് ചരിത്രം കുറിച്ചിരുന്നു.
ഒരു ടെസ്റ്റിലെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ് പന്ത്. ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറിയാണ് പന്ത് ലീഡ്സിൽ കുറിച്ചത്. മത്സരത്തിൽ നാലാം വിക്കറ്റിൽ കെ.എൽ. രാഹുലിനൊപ്പം 195 റൺസാണ് കൂട്ടിച്ചേർത്തത്. സെഞ്ച്വറിക്കു പിന്നാലെ വമ്പൻ ഷോട്ടുകളുതിർത്ത് ഇംഗ്ലിഷ് ബൗളർമാരെ ഞെട്ടിച്ച താരം, ശുഐബ് ബഷീറിന്‍റെ പന്തിൽ സാക് ക്രൗളിക്ക് ക്യാച്ച് സമ്മാനിച്ചാണ് കൂടാരം കയറിയത്.