

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിൽ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും കളിക്കില്ല. ടി20 ലോകകപ്പ് പരിഗണിച്ച് ഇരുവർക്കും ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കാനാണ് സാധ്യത. ഹാർദിക് പാണ്ഡ്യ പരിക്കിൽ നിന്ന് മുക്തനാവുന്നതേയുള്ളൂ. പരിക്ക് ഭേദമായെങ്കിലും 50 ഓവറിൽ പരിഗണിക്കുമ്പോൾ പരിക്ക് വഷളാവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
“തുടയിലേറ്റ പരിക്കിൽ നിന്ന് ഹാർദിക് പാണ്ഡ്യ ഭേദമായിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസ് കേന്ദ്രത്തിൽ അദ്ദേഹം കളിയിലേക്ക് തിരികെവരാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ജോലിഭാരം നിയന്ത്രിക്കണം. നേരേ 50 ഓവർ മത്സരങ്ങൾ കളിക്കുന്നത് അപകടകരമാണ്. ടി20 ലോകകപ്പ് വരെ ഹാർദിക്കിനെ ടി20യിൽ മാത്രം ഉൾപ്പെടുത്താനാണ് ബിസിസിഐ മെഡിക്കൽ സംഘത്തിൻ്റെ തീരുമാനം.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
കഴിഞ്ഞ സെപ്തംബറിൽ ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ വച്ചാണ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. ഇതോടെ താരത്തിന് പാകിസ്താനെതിരായ ഫൈനൽ മത്സരം നഷ്ടമാവുകയും ചെയ്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്കായി കളിച്ച് താരം മാച്ച് ഫിറ്റ്നസ് തെളിയിക്കും. ഇതിന് ശേഷം ദക്ഷിണാഫ്രിയ്ക്കും ന്യൂസീലൻഡിനും എതിരായ ടി20 പരമ്പരകളിലും താരം കളിക്കും.
നവംബർ 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡിസംബർ 9 ന് ടി20 പരമ്പര ആരംഭിക്കും. ഡിസംബർ 19ന് പരമ്പര അവസാനിക്കും. ജനുവരി 11 മുതൽ 31 വരെയാണ് ന്യൂസീലൻഡിനെതിരായ പരിമിത ഓവർ പരമ്പരകൾ.