

ജമ്മു: ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ഹെൽമറ്റിൽ പലസ്തീൻ പതാക പ്രദർശിപ്പിച്ച സംഭവത്തിൽ ക്രിക്കറ്റ് താരത്തെയും സംഘാടകനെയും പോലീസ് ചോദ്യം ചെയ്തു (Palestine Flag Controversy). ജെ.കെ.11 കിംഗ്‌സ് താരമായ ഫുർഖാൻ ഭട്ട് (Furqan Bhat) ആണ് ഹെൽമറ്റിൽ പതാക പതിപ്പിച്ചത്. ബുധനാഴ്ച ജമ്മു ട്രയൽബ്ലേസേഴ്സുമായുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതിഷേധം ഉയരുകയും തുടർന്ന് ജമ്മു റൂറൽ പോലീസ് നടപടിയെടുക്കുകയുമായിരുന്നു. താരം പലസ്തീൻ പതാക പ്രദർശിപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഇതിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. ടൂർണമെന്റ് സംഘാടകനായ സാഹിദ് ഭട്ടിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്.
സ്വകാര്യമായി സംഘടിപ്പിക്കപ്പെട്ട ഈ ടൂർണമെന്റിന് ഔദ്യോഗിക ക്രിക്കറ്റ് ബോഡികളുമായി ബന്ധമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. കായിക വേദി ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിച്ചു. നിലവിൽ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
The Jammu and Kashmir Police have summoned a local cricketer, Furqan Bhat, and the organizer of a private cricket league for questioning after the player displayed a Palestinian flag on his helmet. The incident occurred during a Jammu and Kashmir Champions League (JKCL) match in Jammu on Wednesday. While the Jammu and Kashmir Cricket Association (JKCA) distanced itself from the tournament, police are investigating the intent behind the display and whether any guidelines were violated.