

രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസം. റാവൽപിണ്ടിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ബാബർ സെഞ്ചറി നേടിയത്. 119 പന്തുകൾ നേരിട്ട താരം 102 റൺസുമായി പുറത്താകാതെ നിന്നു. ബാബറിന്റെ രാജ്യാന്തര കരിയറിലെ 32–ാമത് സെഞ്ചറിയാണിത്. ഇതോടെ, പാക്കിസ്ഥാനു വേണ്ടി കൂടുതൽ സെഞ്ചറിയുള്ള താരങ്ങളുടെ റെക്കോർഡിൽ ജാവേദ് മിയാൻദാദ്, സയീദ് അൻവർ എന്നിവരെ പിന്തള്ളി ബാബർ ഒന്നാം സ്ഥാനത്തെത്തി.
2015 ൽ ആദ്യ രാജ്യാന്തര മത്സരം കളിച്ച ബാബർ അസമിന് ഏകദിനത്തിൽ 20 സെഞ്ചറികളും ടെസ്റ്റിൽ ഒൻപത്, ട്വന്റി20യിൽ മൂന്ന് സെഞ്ചറികളുമുണ്ട്. രണ്ടാം ഏകദിനവും വിജയിച്ചതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര 2–0ന് പാക്കിസ്ഥാൻ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ 48.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. 10 പന്തുകൾ ബാക്കി നിൽക്കെയാണ് പാക്കിസ്ഥാൻ എട്ടു വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയത്.
പാക്കിസ്ഥാനു വേണ്ടി ഓപ്പണര്‍ ഫഖർ സമാൻ (93 പന്തിൽ 78), മുഹമ്മദ് റിസ്‍വാൻ (54 പന്തിൽ 51) എന്നിവർ അർധ സെഞ്ചറികൾ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച റാവൽപിണ്ടിയിൽ നടക്കും.