
ഏഷ്യൻ യൂത്ത് ഗെയിംസിൽ പാക്കിസ്ഥാൻ കബഡി ടീം ക്യാപ്റ്റനുമായി ഹസ്തദാനത്തിനു തയ്യാറാകാതെ ഇന്ത്യൻ ക്യാപ്റ്റൻ ഇഷാന്ത് രതീ. ബഹ്‍റെയ്നിൽ നടന്ന കബഡി മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ റഫറിയോടു സംസാരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. ഹസ്തദാനത്തിനായി പാക്ക് താരം കൈനീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ കണ്ടഭാവം നടിച്ചില്ല. പാക്ക് ക്യാപ്റ്റൻ കുറച്ചു നേരം കാത്തുനിന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ റഫറിയോടു സംസാരിക്കുന്നത് തുടരുകയായിരുന്നു.
അതേസമയം, മാച്ച് ഓഫിഷ്യൽസുമായി ഹസ്തദാനം ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ പാക്ക് താരത്തെ മാത്രമാണ് ഒഴിവാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ പാക്കിസ്ഥാനെതിരെ 81–26 ന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരശേഷം ഇരു ടീമുകളുടേയും താരങ്ങൾ അഭിവാദ്യം ചെയ്ത ശേഷമാണ് ഗ്രൗണ്ട് വിട്ടത്.
പഹൽഗാം ഭീകരാക്രമണത്തിനും അതിനു പിന്നാലെ ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിനും ശേഷമാണ് കായിക മേഖലയിലും ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം വഷളായത്.