
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ അർധസെഞ്ചറി നേടിയതിനു പിന്നാലെ പാക്കിസ്ഥാൻ താരം സാഹിബ്‌സാദ ഫർഹാൻ കാണിച്ച ആംഗ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിന് നേരെ ബാറ്റ് ചൂണ്ടി തോക്കുകൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്സാദ ഫർഹാൻ കാണിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
പത്താം ഓവറില്‍ അക്ഷര്‍ പട്ടേലിനെ സിക്സറിനു പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചറി തികച്ചത്. ഇതിന് പിന്നാലെയാണ് ഡ്രസിങ് റൂമിനുനേരെ തിരിഞ്ഞുനിന്ന് ബാറ്റു കൊണ്ട് സാങ്കല്‍പ്പിക വെടിയുതിർത്ത് ഫര്‍ഹാന്‍ ആഘോഷിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഫര്‍ഹാന്റെ ഈ വെടിയുതിർക്കുന്ന ആംഗ്യം ചർച്ചാവിഷയമാകുന്നത്.
ഓപ്പണറായെത്തിയ ഫർഹാന്റെ തുടക്കം മെല്ലെയായിരുന്നു. സഹ ഓപ്പണർ ഫഖർ സമാൻ പുറത്തായതിനു പിന്നാലെയാണ് ചുവട് മാറ്റിയത്. മൂന്നു സിക്സും അഞ്ച് ഫോറുമാണ് ഫർഹാന്റെ ബാറ്റിൽനിന്നു പിറന്നത്. 45 പന്തിൽ 58 റൺസെടുത്ത ഫർഹാനെ ശിവം ദുബെ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ചാണ് പുറത്താക്കിയത്.