
പീഡനക്കേസിൽ ലണ്ടനിൽ അറസ്റ്റിലായ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹൈദർ അലി ഇതിന് മുമ്പും അച്ചടക്ക നടപടി നേരിട്ടയാൾ. കോവിഡ് കാലത്ത് നിയന്ത്രണങ്ങളൊന്നും പാലിക്കാത്തതിന് യുഎഇയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽനിന്ന് ഹൈദർ അലിയെ പുറത്താക്കിയിരുന്നു. 2021 ലായിരുന്നു സംഭവം. പാക്ക് ക്രിക്കറ്റിലെ ബാറ്റിങ് പ്രതീക്ഷയായിരുന്ന ഹൈദർ അലിക്ക് ഇതോടെ ദേശീയ ടീമിൽ അവസരങ്ങള്‍ കുറഞ്ഞു. ഇതിനുശേഷം ഇംഗ്ലണ്ടിനും വെസ്റ്റിൻഡീസിനും എതിരായ പരമ്പരകളിൽ താരത്തെ കളിപ്പിച്ചിരുന്നില്ല.
2020 ൽ അരങ്ങേറ്റ മത്സരം കളിച്ച ഹൈദർ അലി രണ്ട് ഏകദിനങ്ങളും 35 ട്വന്റി-20 മത്സരങ്ങളുമാണ് പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുള്ളത്. 2023 ഏഷ്യൻ ഗെയിംസിലാണ് പാക്കിസ്ഥാൻ സീനിയർ ടീമിനുവേണ്ടി അവസാനം കളിച്ചത്. പാക്കിസ്ഥാന്റെ പുതിയ പരിശീലകൻ മൈക്ക് ഹെസൻ ദേശീയ ടീമിലേക്ക് ഹൈദർ അലിയെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് വീണ്ടും കേസും സസ്പെൻഷനും ഉണ്ടാകുന്നത്.
യുകെയിൽ താമസിക്കുന്ന പാക്കിസ്ഥാനി വംശജയായ പെൺകുട്ടിയാണ് ഹൈദര്‍ അലിക്കെതിരെ പരാതി നൽകിയത്. പാക്കിസ്ഥാന്‍ എ ടീമിനൊപ്പം പരമ്പരയ്ക്കായി യുകെയിലെത്തിയപ്പോഴാണ് താരത്തെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പിടികൂടിയത്. താരത്തിന്റെ പാസ്പോർട്ട് പിടിച്ചെടുത്ത പൊലീസ് ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. അന്വേഷണവുമായി സഹകരിക്കുമെന്നും, കേസ് നടത്താൻ ഹൈദർ അലിയെ പിന്തുണയ്ക്കുമെന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം. കേസ് അവസാനിക്കുന്നതുവരെയാണ് ഹൈദർ അലിയെ പാക്ക് ബോർഡ് സസ്പെൻഡ് ചെയ്തത്.
അതേസമയം, അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ ഹൈദര്‍ അലി പൊട്ടിക്കരഞ്ഞതായും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു വിളിച്ചു പറഞ്ഞതായുമാണ് റിപ്പോർട്ട്.