
ഇസ്‍ലാമാബാദ്: പാരിസ് ഒളിംപിക്സിൽ സ്വർണം നേടി പാക്കിസ്ഥാന്റെ അഭിമാനം കാത്തതിന് പാരിതോഷികമായി പ്രഖ്യാപിച്ച സമ്മാനങ്ങളിൽ പലതും വ്യാജമായിരുന്നുവെന്ന് ജാവലിൻ ത്രോ താരം അർഷാദ് നദീം. ക്യാഷ് അവാർഡുകളിൽ ഏറിയ പങ്കും പലപ്പോഴായി ലഭിച്ചെങ്കിലും, ഭൂമി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ എല്ലാം വ്യാജമായിരുന്നുവെന്ന് അർഷാദ് പറയുന്നു. അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെ ഒട്ടേറെപ്പേരാണ് സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്ത് രംഗത്തെത്തിയത്.
ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര ഉൾപ്പെടെയുള്ളവരെ പിന്തള്ളി, 92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് അർഷാദ് നദീം പാരിസിൽ സ്വർണം നേടിയത്. നിലവിലെ ജേതാവെന്ന നിലയിൽ പാരിസിൽ നീരജിന് വെള്ളിയാണ് നേടാനായത്.
അത്‌ലറ്റിക്സിൽ പാക്കിസ്ഥാന്റെ കായിക ചരിത്രത്തിലെ ആദ്യ സ്വർണം നേടിയതിന് പാക്ക് ഭരണകൂടവും വിവിധ പ്രവിശ്യകളിലെ സർക്കാരുകളും സ്വകാര്യ കമ്പനികളും വ്യക്തികളും അർഷാദ് നദീമിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അർഷാദിന്റെ പ്രതികരണം ജിയോ ടിവിയാണ് പുറത്തുവിട്ടത്.
‘‘പാരിസ് ഒളിംപിക്സിലെ സ്വർണ നേട്ടത്തിന്റെ പേരിൽ എനിക്ക് നൽകുമെന്ന് പലരും പ്രഖ്യാപിച്ച സമ്മാനങ്ങൾ വ്യാജമായിരുന്നു. സ്ഥലം നൽകുമെന്ന വാഗ്ദാനങ്ങളാണ് അതിൽ കൂടുതൽ. പലരും സ്ഥലം വാഗ്ദാനം ചെയ്തെങ്കിലും ഇന്നുവരെ ഒരു പ്ലോട്ട് പോലും എനിക്ക് ലഭിച്ചിട്ടില്ല.’– അർഷാദ് നദീം പറഞ്ഞു.
‘‘പാരിസ് ഒളിംപിക്സിനു പിന്നാലെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചവരെല്ലാം തന്നെ പലപ്പോഴായി അത് തന്നിട്ടുണ്ട്. പക്ഷേ സ്ഥലം സമ്മാനമായി പ്രഖ്യാപിച്ചതൊന്നും ഇന്നുവരെ കിട്ടിയിട്ടില്ല. അതെല്ലാം വ്യാജമായിരുന്നു." – അർഷാദ് പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട്.