
ഏഷ്യാ കപ്പിൽ ടോസ് നേടി പാക്കിസ്ഥാൻ. ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് ജയിച്ച പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. ഇന്നത്തെ കളി വിജയിക്കുന്ന ടീമിന് നോക്കൗട്ട് ഘട്ടം ഉറപ്പിക്കാം.
അതേസമയം, പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പ്രതീകാത്മക പ്രതിഷേധമറിയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഫീൽഡിങ് പരിശീലകൻ റയാൻ ടെസ് ഡോഷറ്റെയുടെ അടക്കം പ്രതികരണങ്ങൾ ഇത് സൂചിപ്പിക്കുന്നുണ്ട്.
മത്സരത്തിന് മുന്നോടിയായി ഡോഷറ്റെ നടത്തിയ വാർത്താസമ്മേളനത്തിൽ, 'പൊതുജന വികാരം താരങ്ങൾ മനസ്സിലാക്കുന്നുണ്ട്' എന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പ്രതീകാത്മക പ്രതിഷേധമറിയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
മത്സരത്തിന് ശേഷം പരസ്പരം നൽകുന്ന ഹസ്തദാനം ഒഴിവാക്കുക, കയ്യിൽ കറുത്ത ബാൻഡ് ധരിക്കുക തുടങ്ങി പല പ്രതിഷേധങ്ങൾക്കും സാധ്യതയുള്ളതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടില്ല.