പാക് ടീം നടത്തിയത് ​ഗുരുതര ചട്ടലംഘനം; നടപടിക്കൊരുങ്ങി ഐസിസി | Asia Cup

ക്രോഫ്റ്റും പാക്ക് കോച്ചുമായി നടത്തിയ ചർച്ചയിലേക്ക് മീഡിയ മാനേജർ പ്രവേശിച്ച് അനധികൃതമായി വീഡിയോ ചിത്രീകരിച്ചതും ചട്ടലംഘനം- ഐസിസി
Asia Cup
Published on

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ കുരുക്ക് മുറുക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). യുഎഇയ്ക്കെതിരായ മത്സരത്തിനു ഗ്രൗണ്ടിലിറങ്ങാൻ വൈകിയതിന് പാക്കിസ്ഥാൻ ടീമിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ആരംഭിച്ചു. പാക് ടീം നടത്തിയത് ​ഗുരുതര ചട്ടലംഘനമാണെന്നാണ് ഐസിസിയുടെ വിലയിരുത്തൽ.

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനു മുൻപു ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പാക് ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം നടത്താതിരുന്നതിന് കാരണക്കാരൻ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണന്ന് ആരോപിച്ചായിരുന്നു യുഎഇയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ ബഹിഷ്കരണ ഭീഷണി നടത്തിയത്.

അതു വിലപ്പോകാതെ വന്നതോടെ ഒരു മണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ ജയിച്ച പാക്കിസ്ഥാൻ സൂപ്പർ 4 റൗണ്ടിലെത്തി. എന്നിരുന്നാലും, മത്സരദിവസം അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഗൗരവമായ ചട്ടലംഘനങ്ങളാണെന്ന് ഐസിസി വിലയിരുത്തി. ഇതു ചൂണ്ടിക്കാട്ടി ഐസിസി സിഇഒ സാൻജോങ് ഗുപ്ത പാക്ക് ക്രിക്കറ്റ് ബോർഡിന് (പിസിബി) ഇ–മെയിൽ അയച്ചു.

മാത്രമല്ല, യുഎഇയ്ക്കെതിരായ മത്സരത്തിലും മാച്ച് റഫറിയായിരുന്ന പൈക്രോഫ്റ്റുമായി പാക്ക് കോച്ച് മൈക്ക് ഹെസനും ക്യാപ്റ്റൻ സൽമാൻ ആഗയും ചർച്ച നടത്തുന്നിടത്തു പാക്ക് ടീമിന്റെ മീഡിയ മാനേജർ നയീം ഗിലാനി പ്രവേശിച്ചതു ഗൗരവമുള്ള വീഴ്ചയായി ഐസിസി വിലയിരുത്തുന്നു. മീഡിയ മാനേജർ ചർച്ചയ്ക്കു പ്രവേശിച്ചതു കൂടാതെ ചർച്ചയുടെ വീഡിയോ ഗിലാനി മൊബൈൽ ഫോണിൽ പകർത്തിയതും ചട്ടലംഘനമാണ്. ടീം മാനേജർമാർക്കു പ്രവേശനമില്ലാത്ത സ്ഥലത്ത് ഗീലാനി കടന്നതിൽ ഐസിസി വിശദീകരണം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com