വിൻഡീസിനെതിരായ ഏകദിനത്തിൽ പാകിസ്താന് നാണംകെട്ട തോൽവി; പരമ്പരയും കൈവിട്ടു |ODI Series

34 വർഷത്തിനിടെ ആദ്യമായാണ് പാകിസ്താനെതിരെ വിൻഡീസ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്
ODI
Published on

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്താന് നാണംകെട്ട തോൽവി. അവസാന ഏകദിനത്തിൽ 202 റൺസിന്റെ കൂറ്റൻ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്.

ഇതോടെ 2-1ന് പരമ്പരയും പാകിസ്ഥാൻ കൈവിട്ടു. 34 വർഷത്തിനിടെ ആദ്യമായാണ് പാകിസ്താനെതിരെ വിൻഡീസ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഷായ് ഹോപ്പിന്‍റെ അപരാജിത സെഞ്ച്വറിയും ജെയ്ഡന്‍ സീല്‍സിന്‍റെ ആറു വിക്കറ്റ് പ്രകടനവുമാണ് സന്ദർശകരായ പാകിസ്താനെ തരിപ്പണമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൂട്ടത്തോടെ തകർന്നടിഞ്ഞ പാക്കിസ്ഥാൻ, ട്വന്റി20 ഫോർമാറ്റിനേപ്പോലും നാണിപ്പിക്കുന്ന പ്രകടനത്തോടെ 29.2 ഓവറിൽ വെറും 92 റൺസിൽ ഒതുങ്ങി. ഇതോടെ വിൻഡീസ് സ്വന്തമാക്കിയത് 202 റൺസിന്റെ കൂറ്റൻ വിജയം. 1988നു ശേഷം ഇതാദ്യമായാണ് വിൻഡീസ് സ്വന്തം നാട്ടിൽ പാക്കിസ്ഥാനെതിരെ ദ്വിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

രണ്ടു പേർ ഗോൾഡൻ ഡക്കും (ആദ്യ പന്തിൽ പുറത്ത്) മൂന്നു പേർ ഡക്കുമായ പാക്കിസ്ഥാൻ ഇന്നിങ്സിൽ, രണ്ടക്കത്തിലെത്തിയത് മൂന്നു പേർ മാത്രം. 49 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്ത സൽമാൻ ആഗയാണ് അവരുടെ ടോപ് സ്കോറർ. മുഹമ്മദ് നവാസ് 29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസുമായി പുറത്താകാതെ നിന്നു. 40 പന്തിൽ 13 റൺസെടുത്ത ഹസൻ നവാസാണ് രണ്ടക്കത്തിലെത്തിയ മൂന്നാമൻ.

ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാൻ, അബ്രാർ അഹമ്മദ് എന്നിവരാണ് പാക്ക് നിരയിൽ ഗോൾഡൻ ഡക്കായത്. ഓപ്പണർമാരായ സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ഹസൻ അലി എന്നിവർ ഡക്കായി. സൂപ്പർതാരം ബാബർ അസം 23 പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസെടുത്ത് പുറത്തായി. 7.2 ഓവറിൽ 18 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ജയ്ഡൻ സീൽസിന്റെ പ്രകടനമാണ് വിൻഡീസിന് കരുത്തായത്. ഗുദാകേശ് മോത്തി രണ്ടും റോസ്റ്റൺ ചേസ് ഒരു വിക്കറ്റും വീഴ്ത്തി.

സെഞ്ചറിയുമായി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ ഇന്നിങ്സാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഷായ് ഹോപ്പ് 94 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതം 120 റൺസുമായി പുറത്താകാതെ നിന്നു. റോസ്റ്റൺ ചേസ് (29 പന്തിൽ 36), ജസ്റ്റിൻ ഗ്രീവ്സ് (24 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 43) എന്നിവരും തിളങ്ങി. ഓപ്പണർ എവിൻ ലെവിസ് (54 പന്തിൽ 37), കീസി കാർട്ടി (45 പന്തിൽ 17), ഷെർഫെയ്ൻ റുഥർഫോർഡ് (40 പന്തിൽ 15) എന്നിവരും തിളങ്ങി. പാക്കിസ്ഥാനായി നസീം ഷാ, അബ്രാർ അഹമ്മദ് എന്നിവർ രണ്ടും സയിം അയൂബ്, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Related Stories

No stories found.
Times Kerala
timeskerala.com