
നാൽപത്തിയൊന്ന് വർഷത്തെ ചരിത്രത്തിൽ ഏഷ്യാകപ്പ് ഫൈനലിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ ഏറ്റു മുട്ടുന്നത്. കലാശപ്പോരിൽ തുടക്കത്തിൽ അൽപമൊന്നു വിയർത്തെങ്കിലും പാക്കിസ്ഥാനെന്ന എതിരാളിയെ തറപറ്റിച്ച് ഇന്ത്യ ഏഷ്യാകപ്പിലെ ഒൻപതാം കിരീടവും സ്വന്തമാക്കി. മുൻപ് ശ്രീലങ്കയും ബംഗ്ലദേശും ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയോട് പല തവണ പൊരുതി വീണിട്ടുണ്ട്. പക്ഷേ പാക്കിസ്ഥാനെതിരായ ഫൈനൽ വിജയം ആദ്യം.
തുടക്കത്തിൽ പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയെങ്കിലും തിലകും സഞ്ജുവും ചേർന്ന് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് സഞ്ജു പോയെങ്കിലും ദുബെയെ കൂട്ടു പിടിച്ച് തിലക് ഇന്ത്യയെ രക്ഷിച്ചു. പിന്നെ റിങ്കു സിങ്ങിനെ കൂട്ടു പിടിച്ച് കുറ്റിനാട്ടി ഉറപ്പിക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ.
പാക്കിസ്ഥാനെതിരായ കലാശപ്പോരിൽ അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 146 റൺസെടുത്തു പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ തിലകം ചൂടി.