
ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയ ടീമുകൾ പരസ്‌പരം ഏറ്റുമുട്ടിയാണ് ഫൈനലിൽ എത്തുന്ന ടീമുകളെ തീരുമാനിക്കുന്നത്. അത്തരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഒരിക്കൽ കൂടി ഏറ്റുമുട്ടാനുള്ള സാഹചര്യവും ഉണ്ടായിരിക്കുകയാണ്. ഇന്ന് ദുബായിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു സാധ്യത പോലും നൽകാതെയാണ് ഇന്ത്യ പാകിസ്ഥാനെ തറപറ്റിച്ചത്. എന്നാൽ ഒമാനെതിരെ ഇന്ത്യ പതറിയത് പാകിസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഒരു അങ്കത്തിന് ഇന്ത്യയോട് ഒരുങ്ങുകയാണ് ഇപ്പോൾ പാകിസ്ഥാൻ.
എന്നാൽ നിലവിലെ ലോക ചാമ്പ്യൻമാർ ആയ ഇന്ത്യ തന്നെയാണ് മത്സരത്തിലെ ഫേവറൈറ്റുകൾ എന്ന് പാകിസ്ഥാൻ മുൻ നായകനായ റാഷിദ് ലത്തീഫ് തുറന്ന് സമ്മതിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൃത്യമായ മേൽക്കൈ ഉണ്ടെന്നാണ് ലത്തീഫ് പറയുന്നത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വളരെയധികം സംഘർഷം നിലനിൽക്കുന്നുണ്ട്, ഇപ്പോൾ അത് ഗ്രൗണ്ടിലേക്കും വ്യാപിച്ചിട്ടുണ്ട്, മുമ്പ് അങ്ങനെയായിരുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലത്തീഫ് പറഞ്ഞു. ഏറ്റവും ഒടുവിൽ തുടർച്ചയായ രണ്ടാം തവണയും മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം ഒഴിവാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. ഇത് പല ചോദ്യങ്ങൾക്കും ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് തനിക്കും അറിയില്ലെന്ന് റഷീദ് ലത്തീഫ് പറയുന്നു.
ടി20 ഫോർമാറ്റിൽ ജയം ആർക്കൊപ്പം വേണമെങ്കിലും നിൽക്കാമെങ്കിലും നിലവിൽ ഇന്ത്യയ്ക്കാൻ മേൽക്കൈ ഉള്ളതെന്ന് ലത്തീഫ് തുറന്ന് സമ്മതിക്കുന്നു. ഒരു ടീം എന്ന നിലയിൽ ഇന്ത്യ വളരെയധികം ശക്തരാണെന്നും റഷീദ് പറയുന്നു,
"ടി20യിൽ എന്തും സംഭവിക്കാം. ഒമാൻ ഇന്നലെ വളരെ മികച്ച പ്രകടനം കാഴ്‌ചവച്ചു. ടി20യിൽ ഫേവറിറ്റുകളെ തിരഞ്ഞെടുക്കുക പ്രയാസമാണ്. ഏകദിനങ്ങളിലും ടെസ്‌റ്റുകളിലും ആരാണ് ഫേവറിറ്റ്, ആരാണ് അല്ലാത്തത് എന്ന് നിങ്ങൾക്ക് പറയാൻ കഴിയും. എന്നാൽ ടി20യിൽ, നിങ്ങൾക്ക് കഴിയില്ല. എന്നാൽ തിരിഞ്ഞുനോക്കിയാൽ, ഇന്ത്യ ശക്തമായ ഒരു ടീമാണ്." - അദ്ദേഹം പറഞ്ഞു.
"എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ ആധിപത്യത്തിന് കാരണം, ഇന്ത്യയുടെ ശക്തമായ ആഭ്യന്തര സജ്ജീകരണവും ഇന്ത്യൻ പ്രീമിയർ ലീഗും ആണ്. പാകിസ്ഥാനിലെ പിഎസ്എൽ എന്ന ലീഗും ഐപിഎലും തമ്മിലുള്ള വ്യത്യാസം അജഗജാന്തരമാണ്. ഐപിഎല്ലിൽ കളിക്കുന്ന താരങ്ങളുടെ ക്വാളിറ്റി വളരെയധികമാണ്." - അദ്ദേഹം വ്യക്തമാക്കി.
"രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം അനുഭവപരിചയമാണ്. രോഹിത്, വിരാട്, ജഡേജ തുടങ്ങിയ മുതിർന്ന കളിക്കാർ വിരമിച്ചതിനാൽ ഈ ഇന്ത്യൻ ടീമിനും അനുഭവപരിചയമില്ല. ഇപ്പോഴത്തെ ടീമിന് വലിയ മത്സര പരിചയമില്ലെങ്കിലും, അവർ ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് കളിച്ചിട്ടുണ്ട്." - ഇന്ത്യൻ ടീമിനെ കുറിച്ച് റഷീദ് പറഞ്ഞു.
"പാകിസ്ഥാന്റെ ദുർബലമായ ബാറ്റിംഗ് ഓർഡർ കാരണം അവർ വെറും ദുർബലമായ ടീമാണ്. അവരുടെ മോശം തുടക്കത്തിലൂടെ ഇത് വ്യക്തമാണ്. ഇന്ത്യയ്ക്കാണ് കൂടുതൽ സാധ്യത. പക്ഷേ പാകിസ്ഥാനെ തള്ളിക്കളയാൻ കഴിയില്ല. ഇന്ത്യയ്ക്ക് 75-25 എന്ന നിലയിലാണ് സാധ്യത. ഇന്ത്യയാണ് ഫേവറിറ്റുകൾ." - റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.