
ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരായ മത്സരത്തിനു മുന്‍പുള്ള വാർത്താ സമ്മേളനം വേണ്ടെന്നു വച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറി സ്ഥാനത്തുനിന്നു മാറ്റണമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തള്ളിയതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ടീമിന്റെ നീക്കം. ഇന്ത്യൻ ടീമുമായുള്ള മത്സരത്തിലുണ്ടായ ‘ഹസ്തദാന വിവാദത്തിന്’ കാരണം മാച്ച് റഫറിയുടെ ഇടപെടലാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ വാർത്താ സമ്മേളനം റദ്ദാക്കിയതെന്നാണു വിവരം.
ഏഷ്യാകപ്പ് ഗ്രൂപ്പ് എയിലെ സൂപ്പർ പോരാട്ടത്തിൽ ഇന്ന് പാക്കിസ്ഥാൻ യുഎഇയെ നേരിടുകയാണ്. ജയിക്കുന്ന ടീ സൂപ്പർ ഫോറിൽ കടക്കുമെന്നതിനാൽ ഇരുടീമുകൾക്കും മത്സരം നിർണായകമാണ്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ ഇതിനോടകം സൂപ്പർ ഫോർ യോഗ്യത നേടിക്കഴിഞ്ഞു. ഇതോടെ ഇന്നു ജയിക്കുന്ന ടീം ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സൂപ്പർ ഫോറിൽ എത്തും. തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്നു പുറത്താകും. മത്സരം രാത്രി 8 മുതൽ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ.