
ഏഷ്യാ കപ്പ് റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വലിച്ചെറിഞ്ഞ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗമായ അമീനുൽ ഇസ്ലാമിൻ്റെ കൈകളിൽ നിന്ന് ചെക്ക് കൈപ്പറ്റിയ ശേഷമാണ് സൽമാൻ അത് വലിച്ചെറിഞ്ഞത്. പ്രസൻ്റേഷൻ സെറിമണിയിൽ സംസാരിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അമീനുൽ ഇസ്ലാമും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയും ചേർന്നാണ് സൽമാന് ചെക്ക് സമ്മാനിച്ചത്. ചെക്ക് വാങ്ങിയപ്പോൾ സൈമൺ ഡൂൾ ഇൻ്റർവ്യൂവിനായി വിളിച്ചു. ഇതോടെ സൽമാൻ ചെക്ക് വശത്തേക്ക് മാറ്റി എറിയുകയും സൈമൺ ഡൂളിന് ഇൻ്റർവ്യൂ നൽകാനായി പോവുകയും ചെയ്തു.
പ്രസൻ്റേഷൻ സെറിമണിയിൽ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ജേതാക്കളായ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. നഖ്‌വി ഏറെ നേരം കാത്തുനിന്നിട്ടും ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാനെത്തിയില്ല. തുടർന്ന് അദ്ദേഹം ട്രോഫി തിരികെ കൊണ്ടുപോയി. പിന്നാലെ ട്രോഫിയില്ലാതെ ടീം ഇന്ത്യ കിരീടനേട്ടം ആഘോഷിക്കുകയും ചെയ്തു.
ഫൈനൽ മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു.