

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻ്റെ സുരക്ഷ ഏറ്റെടുത്ത് പാകിസ്ഥാൻ സൈന്യം. ഇസ്ലാമാബാദിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ശ്രീലങ്കൻ ടീം അംഗങ്ങളിൽ പലരും രാജ്യത്ത് തുടരാൻ ആശങ്ക അറിയിച്ചിരുന്നു. വിഷയത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇടപെട്ടതിനെ തുടർന്നാണ് ടീമിനുള്ള സുരക്ഷ പാകിസ്താൻ സൈന്യത്തെ ഏല്പിച്ചത്.
പാക് മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്സിൻ നഖ്‌വി ഇക്കാര്യം ശ്രീലങ്കൻ ടീമിന് ഉറപ്പു നൽകിയിരുന്നു. പോലീസും സൈന്യവും പാക് റേഞ്ചേഴ്സും ചേർന്നാണ് ടീമിന് സുരക്ഷയൊരുക്കുന്നത്. ശ്രീലങ്കൻ താരങ്ങളുമായി സംസാരിച്ച സമയത്ത് നഖ്‌വി കൈകൂപ്പി നന്ദി അറിയിച്ചിരുന്നു.
സുരക്ഷാപ്രശ്നങ്ങൾ കാരണം ചില ശ്രീലങ്കൻ താരങ്ങൾ വീട്ടിലേക്ക് മടങ്ങാനാഗ്രഹിച്ചിരുന്നു എന്ന് നഖ്‌വി വെളിപ്പെടുത്തി. എന്നാൽ, പാകിസ്താൻ്റെയും ശ്രീലങ്കയുടെയും നേതൃത്വവുമായി ചർച്ചനടത്തി വിഷയത്തിൽ ഒരു നല്ല പരിഹാരം കാണാൻ സാധിച്ചു. ടീം അംഗങ്ങളുടെ സുരക്ഷയിൽ പാക് സേനാമേധാവി മുനീർ ശ്രീലങ്കൻ പ്രതിരോധമന്ത്രി പ്രമിത ബണ്ഡാരയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്. താരങ്ങൾ പാകിസ്താൻ തന്നെ തുടരാൻ തീരുമാനിച്ചതിൽ നന്ദി അറിയിക്കുകയാണ് എന്നും നഖ്‌വി പറഞ്ഞു.
ശ്രീലങ്കൻ താരങ്ങളിൽ പലരും നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യമറിയിച്ചിരുന്നെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇതിന് അനുമതി നൽകിയിരുന്നില്ല. ആരെങ്കിലും തിരികെവന്നാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.