

റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ഇന്ത്യൻ താരം നമൻ ധീറിനെ ഔട്ടാക്കിയതിന് പിന്നാലെ പ്രകോപനകരമായ ആഘോഷപ്രകടനവുമായി പാക്ക് ബോളർ സാദ് മസൂദ്. മത്സരത്തിന്റെ ഒന്‍പതാം ഓവറിലെ നാലാം പന്തിൽ നമൻ ധീർ പുറത്തായപ്പോൾ, ഡ്രസിങ് റൂമിലേക്കു ചൂണ്ടിക്കാണിച്ച് കയറിപ്പോകാൻ ആവശ്യപ്പെടുകയാണ് പാക്ക് ബോളർ ചെയ്തത്. മത്സരത്തിൽ സാദ് മസൂദിന്റെ പന്തിൽ പാക്ക് ക്യാപ്റ്റൻ ഇർഫാന്‍ ഖാന്‍ ക്യാച്ചെടുത്താണ് നമൻ ധീർ പുറത്തായത്.
20 പന്തുകൾ നേരിട്ട ഇന്ത്യൻ ബാറ്റർ 35 റൺസെടുത്തിരുന്നു. ബൗണ്ടറി നേടിയതിനു പിന്നാലെയായിരുന്നു താരത്തിന്റെ പുറത്താകൽ. നിരാശയോടെ മടങ്ങുന്നതിനിടെയായിരുന്നു പാക്ക് ബോളറുടെ പ്രകോപനം. എന്നാൽ മറുപടിയൊന്നും നൽകാതെ കയറിപ്പോകുകയാണ് നമൻ ധീർ ചെയ്തത്. നാലോവറുകൾ പന്തെറിഞ്ഞ സാദ് മസൂദ് 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകളാണു വീഴ്ത്തിയത്.
മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ടോസിനു ശേഷം പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇർഫാൻ ഖാനുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമ തയാറായിരുന്നില്ല. മത്സരത്തിനു മുൻപ് ദേശീയ ഗാനത്തിന്റെ സമയത്തും ഇരു ടീമുകളിലേയും താരങ്ങൾ ഹസ്തദാനം ഒഴിവാക്കിയിരുന്നു.