
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പേസർമാരുടെ പരുക്കിൽ ഇന്ത്യക്ക് തിരിച്ചടി. മത്സരത്തിന്റെ മൂന്നാം ദിവസം പേസർമാരായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും രണ്ടാം സെഷനിലെ അവസാന ഓവറുകളിൽ ഫീൽഡ് ചെയ്തിരുന്നില്ല. രണ്ടാം സെഷനിൽ ചെറിയ പരുക്കുകള്‍ സംഭവിച്ചതിനാലാണ് ഇരു താരങ്ങളും വേഗത്തിൽ മടങ്ങിയത്. ഇന്ത്യൻ ബോളർമാർക്ക് തിളങ്ങാൻ സാധിക്കാതെ പോയതോടെ മൂന്നാം ദിവസം ഇംഗ്ലണ്ട് സ്കോർ 500 പിന്നിട്ടു.
മൂന്നാം ദിവസം ഫീൽഡിങ്ങിനിടെ ജസ്പ്രീത് ബുമ്ര മുടന്തുകയും തൊട്ടുപിന്നാലെ ഗ്രൗണ്ട് വിടുകയും ചെയ്തു. എന്നാൽ സിറാജും ബുമ്രയും തിരിച്ചുവന്ന് അവസാന സെഷനിൽ വിക്കറ്റു വീഴ്ത്തി തിളങ്ങിയത് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്നുണ്ട്. ഇരുവരുടേയും പരുക്കു ഗൗരവമുള്ളതല്ലെന്ന് മോണി മോർക്കൽ മൂന്നാം ദിവസത്തെ കളിക്കു ശേഷം പ്രതികരിച്ചു. നാലാം ദിനം ഇന്ത്യയുടെ സാധ്യതകൾ ബുമ്രയുടേയും സിറാജിന്റെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും.
ഇംഗ്ലണ്ടിനെതിരെ 28 ഓവറുകൾ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 95 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ് 26 ഓവറില്‍ 113 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. അൻഷുൽ കാംബോജും ഷാർദൂൽ ഠാക്കൂറുമാണ് ഇന്ത്യൻ നിരയിലെ മറ്റു പേസർമാർ. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 544 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്. ഇംഗ്ലണ്ടിന് നിലവിൽ 186 റൺസിന്റെ ലീഡുണ്ട്.