
ബെക്കൻഹാം: നാലാം ടെസ്റ്റ് മത്സരത്തിനായി മാഞ്ചസ്റ്ററിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ ആദ്യ പരിശീലനം നടത്തി. ബെക്കൻഹാമിലെ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. മൂന്നാം ടെസ്റ്റിനിടെ കയ്യിൽ പരുക്കേറ്റ ഋഷഭ് പന്ത് ഗ്രൗണ്ടിലിറങ്ങിയെങ്കിലും ബാറ്റിങ് പരിശീലനം നടത്തിയില്ല. ബുമ്ര, സിറാജ് എന്നിവരും നെറ്റ്‍സിൽ പന്തെറിഞ്ഞില്ല. കെ.എൽ.രാഹുൽ ആദ്യദിന പരിശീലനത്തിൽനിന്നു വിട്ടുനിന്നു.
അതേസമയം, പരിശീലനത്തിനിടെ ഇന്ത്യൻ പേസർ അർഷ്‍ദീപ് സിങ്ങിന് പരുക്കേറ്റത് ആശങ്കയായി. നെറ്റ്‍സിൽ പന്തെറിയുന്നതിനിടെ സായ് സുദർശന്റെ പന്ത് ഇടതു കയ്യിൽകൊണ്ട് അർഷ്‍ദീപിനു പരുക്കേൽക്കുകയായിരുന്നു. തുടർന്ന് അർഷ്‍ദീപ് ഗ്രൗണ്ട് വിട്ടപ്പോൾ ബോളിങ് കോച്ച് മോണി മോർക്കലാണ് പകരം പന്തെറിഞ്ഞത്.