
പാരീസ്: 69ാമത് ബാലൺ ഡി ഓർ പുരസ്കാരം പി എസ് ജി താരം ഒസ്മാൻ ഡെംബലെക്ക്. ബാഴ്‌സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബലെ പുരസ്കാരം സ്വന്തമാക്കിയത്. ഡെംബലെയുടെ ആദ്യ ബാലൺ ഡി ഓർ പുരസ്‌കാര നേട്ടമാണിത്. ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറികിനും പ്രത്യേകം നന്ദിയുണ്ടെന്നും പുരസ്കാരം സ്വന്തമാക്കിയ ശേഷം ഡെംബലെ പറഞ്ഞു.
കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. 33 ഗോളുകളും 15 അസിസ്റ്റുകളുമാണ് പിഎസ്ജിക്കായി ഡെംബലെ നേടിയത്.
ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. തുടർച്ചയായ മൂന്നാം തവണയാണ് ഐറ്റാന ബാലൺ ദി ഓർ നേടുന്നത്. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ നേടി. വിക്കി ലോപസാണ് മികച്ച വനിത യുവ താരം. ഈ വർഷത്തെ മികച്ചപുരുഷ ക്ലബായി പി എസ് ജിയെ തിരഞ്ഞെടുത്തു. ആഴ്സണൽ ആണ് മികച്ച വനിതാ ക്ലബ്.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ തിയേറ്റർ ഡു ഷാറ്റെലെറ്റിലായിരുന്നു പുരസ്കാര ചടങ്ങ്. ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് മാധ്യമപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ പട്ടികയിൽ ഇടം നേടിയിരുന്നില്ല.