
ബെൽജിയം ഗ്രാൻഡ് പ്രീയിൽ ഓസ്കാർ പിയാസ്ട്രിക്ക് ജയം. സഹ മക്ലാരൻ ഡ്രൈവർ ലാൻഡോ നോറിസ് രണ്ടാം സ്ഥാനവും ഫെറാറിയുടെ ചാൾസ് ലെക്ലർക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നിലവിലെ ചാമ്പ്യൻ വേർസ്റ്റാപ്പൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലൂയിസ് ഹാമിൽട്ടൺ മികച്ച പ്രകടനം കാഴ്ചവെച്ചു.
കനത്ത മഴ മൂലം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ റെയ്സിൽ ആദ്യ മൂന്നു ലാപ്പുകൾ സേഫ്റ്റി കാറിനുപിന്നിലായിരുന്നു ഡ്രൈവർമാർ പൂർത്തിയാക്കിയത്. മഴയിൽ കുളിച്ചു നിന്ന ട്രാക്കിന്റെ മോശം അവസ്ഥ ഡ്രൈവർമാരുടെ കാഴ്ചയെ ബാധിച്ചിരുന്നു. തുടർന്ന് നാലാം ലാപ്പിന്റെ തുടക്കത്തിൽ സേഫ്റ്റി കാറിനെ തിരികെ വിളിക്കുകയും റെയ്സിന് തുടക്കം കുറിക്കുകയും ചെയ്തു.
റോളിങ്ങ് സ്റ്റാർട്ടിലൂടെയാണ് മത്സരം തുടങ്ങിയത്. അതേ ലാപ്പിൽ തന്നെ സഹ മക്ലാരൻ താരം ലാൻഡോ നോറിസിനെ മറികടന്ന പിയാസ്ട്രിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആദ്യ റൗണ്ട് പിറ്റ്‌സ്‌റ്റോപ്പുകളിൽ എല്ലാ ഡ്രൈവർമാരും മീഡിയം ടയറുകളിലേക്ക് മാറിയപ്പോൾ നോറിസ് ഹാർഡ് ടയർ തെരഞ്ഞെടുക്കുകയായിരുന്നു. അവസാന ലാപ്പുകളിൽ തന്റെ ഹാർഡ് ടയറുകളുടെ സഹായത്തോടെ പിയാസ്ട്രിയെ അട്ടിമറിക്കാമെന്ന നോറിസിന്റെ പ്ലാൻ വിജയിച്ചില്ല. സഹ മക്ലാരൻ താരവുമായി ദൂരം കുറക്കാൻ സാധിച്ചെങ്കിലും വിജയം സ്വന്തമാക്കാനായില്ല.
മക്ലാരൻ കാറുകൾ ആധിപത്യം പുലർത്തിയ റെയ്‌സിൽ മൂന്നാം സ്ഥാനത്തിനായി ഫെറാറിയുടെ ചാൾസ് ലെക്ലർക്കും റെഡ് ബുള്ളിന്റെ മാക്സ് വേർസ്റ്റപ്പനും തമ്മിലായിരുന്നു മത്സരം. പിറ്റ് ലെയ്നിൽ നിന്ന് തുടങ്ങി ഏഴാം സ്ഥാനം വരെ ഓടിച്ചുകയറിയ ലൂയിസ് ഹാമിൽട്ടൺ മികച്ച പ്രകടനം കാഴ്ച വെച്ചു. സീസണിൽ ആറ് വിജയങ്ങളുമായി ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ 266 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഓസീസ് താരം. 250 പോയിന്റുകളുമായി ലാൻഡോ നോറിസ് രണ്ടാം സ്ഥാനത്താണ്.