
ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയെങ്കിലും കളിക്കളത്തിലെ പ്രകോപനങ്ങൾക്ക് പാക്കിസ്ഥാൻ തന്നെയാണ് മുന്നിൽ. ഇന്ത്യയ്ക്കെതിരെ അർധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് ‘വെടിവച്ച’പാക്ക് താരം സാഹിബ്സാദ ഫർഹാന്റെ ആഘോഷത്തിനു ശേഷം ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ മറ്റൊരു താരവും പ്രകോപനപരമായ ആംഗ്യവുമായി കളത്തിലുണ്ടായിരുന്നു.
പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫാണ് മത്സരത്തിനിടെ ഗ്രൗണ്ടിൽനിന്ന് ഇന്ത്യൻ ആരാധകർക്കു നേരെ പ്രകോപനപരമായ ആംഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി. ഗാലറിയിൽ ഇന്ത്യൻ കാണികളുടെ തുടർച്ചയായ ആർപ്പുവിളികൾക്കിടെ, റൗഫ് കൈ കൊണ്ട് ‘6-0’ എന്നു സൂചിപ്പിക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം സൂചിപ്പിച്ചായിരുന്നു റൗഫിന്റെ ആംഗ്യം. വിമാനം പറന്നുപൊങ്ങുന്നതായും പിന്നീട് നിലത്തുപതിക്കുന്നതായും സൂചിപ്പിച്ചും റൗഫ് കാണികളെ പ്രകോപിപ്പിച്ചു.
ഇന്ത്യൻ ഇന്നിങ്സിനിടെ ബൗണ്ടറിക്കു സമീപം റൗഫ് ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ കാണികൾ ‘കോലി, കോലി’ എന്ന് ആർപ്പുവിളിച്ചതോടെയായിരുന്നു റൗഫിന്റെ പ്രകോപനം. 2022 ട്വന്റി20 ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം സൂചിപ്പിച്ചായിരുന്നു കാണികളുടെ ആർപ്പുവിളി. അന്ന് റൗഫിനെ തുടർച്ചയായി രണ്ടു സിക്സറുകൾ പറത്തിയാണ് വിരാട് കോലി ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.
മത്സരത്തിനു മുന്നോടിയായി, ഐസിസി അക്കാദമിയിൽ നടന്ന പരിശീലനത്തിനിടെയും പാക്ക് താരങ്ങളുടെ ‘6–0’ വിളികൾ ഉയർന്നിരുന്നു. പാക്ക് താരങ്ങൾ പരസ്പരം ഫുട്ബോൾ കളിക്കുന്നതിനിടെ ഒരു ടീം ആറു ഗോളിനു മുന്നിലെത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ അടുത്തെത്തിയതോടെ ഇവർ ഉച്ചത്തിൽ ‘6–0’ എന്ന ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മത്സരത്തിനിടെയും പാക്ക് താരത്തിന്റെ പ്രകോപനം.