ഓപ്പറേഷൻ സിന്തൂർ: പാക്കിസ്ഥാനിൽ ക്രിക്കറ്റിനും വൻ തിരിച്ചടി, പിഎസ്എൽ മത്സരങ്ങളുടെ വേദി മാറ്റി | Operation Sindoor

ഇനിയുള്ള മത്സരങ്ങൾക്ക് വേദിയാകുന്നത് യുഎഇ
Pak Cricket
Updated on

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്തൂർ തുടരുന്നതിനിടെ‌, പാക്കിസ്ഥാനിൽ ക്രിക്കറ്റിനും വൻ തിരിച്ചടി. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ഇനിയുള്ള മത്സരങ്ങളുടെ വേദി മാറ്റി. ഇനിയുള്ള പിഎസ്എൽ മത്സരങ്ങൾക്ക് യുഎഇ ആയിരിക്കും വേദിയാകുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു.

നിലവിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടി, മുൾട്ടാൻ, ലഹോർ എന്നിവിടങ്ങളിലായാണ് പിഎസ്എൽ മത്സരങ്ങൾ നടന്നിരുന്നത്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വിദേശ താരങ്ങൾ ഉൾപ്പെടെ പാക്കിസ്ഥാനിൽനിന്ന് മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ്, ഇനിയുള്ള എട്ടു മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുന്നത്. അപ്രതീക്ഷിതമായ വേദിമാറ്റത്തിൽ യുഎഇയിൽ മത്സരങ്ങൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ തയാറാക്കേണ്ടതുണ്ട്. സംവിധാനങ്ങൾ ക്രമീകരിച്ച ശേഷമാകും ശേഷിക്കുന്ന മത്സരങ്ങളുടെ വേദികളും മത്സരക്രമവും തീരുമാനിക്കുക.

അതിനിടെ, പാക്കിസ്ഥാൻ സൂപ്പർ ലീഗ് തടസപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പിസിബി ചെയർമാൻ മൊഹ്സിൻ ഖാൻ രംഗത്തെത്തി. മത്സരവേദിയായ റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പിസിബി ചെയർമാന്റെ ആരോപണം. ഇന്ത്യ ഉത്തരവാദിത്ത രഹിതമായി പെരുമാറുകയാണെന്നും നഖ്‌വി ആരോപിച്ചു.

അതേസമയം, പാക്കിസ്ഥാന്റെ സൈനിക സംവിധാനങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പ്രത്യേകിച്ചും വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com