
ഓപ്പണറെന്ന നിലയിൽ സഞ്ജു സാംസൺ ഏറ്റവും അപകടകാരിയായ ബാറ്ററാണെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ഏഷ്യാകപ്പിൽ സഞ്ജുവിനെ ഓപ്പണറായി തന്നെ കളിപ്പിക്കണമെന്നും മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ശാസ്ത്രി പറഞ്ഞു.
‘‘ഇന്നിങ്സ് ഓപ്പൺ ചെയ്യുമ്പോഴാണ് സാംസൺ ഏറ്റവും അപകടകാരിയാകുന്നത്. സഞ്ജു ആഞ്ഞടിച്ചാൽ, മത്സരങ്ങൾ ഒറ്റയ്ക്കു ജയിപ്പിക്കാൻ വരെ അദ്ദേഹത്തിനു സാധിക്കും. ബാറ്റിങ് ക്രമത്തിൽ ടോപ് ഓർഡറിൽ കളിക്കുന്നതാണു സഞ്ജുവിനു നല്ലത്.’’– രവി ശാസ്ത്രി വ്യക്തമാക്കി.
‘‘സഞ്ജുവിന്റെ പ്രകടനം നോക്കിയാലും ഗില്ലിനെ വെല്ലുവിളിക്കാൻ പോന്നതാണ്. ഗില്ലിന് കളിക്കണമെങ്കിൽ മറ്റാരെയെങ്കിലും മാറ്റിനിർത്തുക. സഞ്ജുവിനെ വെറുതെ വിടുക’’– രവി ശാസ്ത്രി പറഞ്ഞു.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തിയതോടെയാണ് ഓപ്പണർ സ്ഥാനത്തേക്കു സഞ്ജുവിനു ഭീഷണി ഉണ്ടായത്. അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണു സാധ്യത. അങ്ങനെയെങ്കിൽ മികച്ച ഫോമിലുള്ള സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമാകും. ഓപ്പണർ സ്ഥാനം നഷ്ടമായാൽ മധ്യനിരയിലും കളിക്കാൻ സാധിക്കുമെങ്കിലും ദേശീയ ടീമിൽ മിഡിൽ ഓർഡറിൽ തിളങ്ങാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഫിനിഷറായി ഐപിഎലിൽ തകർത്തടിച്ച ആർസിബി താരം ജിതേഷ് ശർമയെ പരിഗണിക്കാനും സാധ്യതയുണ്ട്.
ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന ട്വന്റി20 മത്സരങ്ങളിലെല്ലാം അഭിഷേക് ശർമ–സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. അവസാനം കളിച്ച 10 മത്സരങ്ങളിൽ സഞ്ജു മൂന്ന് സെഞ്ചറികൾ അടിച്ചതും ഓപ്പണറായാണ്. ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ പരിശീലകൻ ഗൗതം ഗംഭീർ പ്രത്യേക താൽപര്യമെടുത്താണ് ട്വന്റി20 ടീമിലെടുത്തത്. ഒരു വർഷത്തിനു ശേഷമാണ് ഗിൽ ഇന്ത്യൻ ട്വന്റി20 ടീമിൽ കളിക്കാനൊരുങ്ങുന്നത്.